10 March, 2020 09:41:40 PM


പൂച്ചാക്കലില്‍ കാര്‍ മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചു; 8 പേര്‍ ആശുപത്രിയില്‍



ചേര്‍ത്തല: പൂച്ചാക്കൽ ജംഗ്ഷനു സമീപം കാർ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കിൽ വന്ന കുടുംബത്തെ ഇടിച്ചിട്ട ശേഷം റോഡിലൂടെ നടന്നുപോകുകയായിരുന്ന മൂന്നു വിദ്യാര്‍ത്ഥിനികളെയും സൈക്കിളിൽ പൊയ മറ്റൊരു വിദ്യാർഥിനിയെയും ഇടിച്ചിട്ട കാർ പോസ്റ്റിൽ ഇടിച്ചു നില്‍ക്കുകയായിരുന്നു. മൊത്തം 8 പേർ ആശുപത്രിയിലാണ്.


ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടതുവശത്തുനിന്നും തെന്നി മാറി ദിശതെറ്റി വന്ന കാറിന്‍റെ ഇടിയേറ്റ മൂന്ന് കുട്ടികളില്‍ രണ്ട് പേര്‍ പാലത്തിന്‍റെ കൈവരിക്ക് മുകളിലൂടെ തോട്ടിലേക്കും ഒരാള്‍ കരയിലേക്കും തെറിച്ചു വീണു. 


അതിനു ശേഷം സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍‍ഥിനിയെ ഇടിച്ചു. തുടര്‍ന്നു പോസ്റ്റില്‍ ഇടിച്ചാണു കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാര്‍ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K