10 March, 2020 09:35:14 AM


ബസ് ഡ്രൈവറുടെ കാക്കിയിൽനിന്ന് ഇൻസ്പെക്ടറുടെ കാക്കിയിലേക്ക് ജിതിന്‍



ആലപ്പുഴ : സ്വകാര്യ ബസ് ഡ്രൈവറുടെ കാക്കി യൂണിഫോമില്‍നിന്ന് ജിതിൻ എത്തിയത് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാക്കിയിലേക്ക്. മൂന്നു വർഷത്തോളമായി ഭരണിക്കാവ് – ചെങ്ങന്നൂർ റൂട്ടില്‍ സ്വകാര്യ ബസ് ഓടിച്ചിരുന്ന ബിടെക് ബ‍ിരുദധാരിയായ ഡ്രൈവർ പി.എസ്.ജിതിൻ (28) ഫെബ്രുവരി 27 ന് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ആലപ്പുഴ ആർടിഒ ഓഫിസിൽ ചുമതലയെടുത്തു. വർഷങ്ങൾക്കു മുൻപ് എഴുതിയ പിഎസ്‍സി പരീക്ഷയിലൂടെയാണ് ജിതിൻ പുതിയ കാല്‍വെയ്പ് നടത്തിയത്.


ചുനക്കരതെക്ക് ജ്യോതിസ്സിൽ പുരുഷൻ–ശോഭ ദമ്പതികളുടെ മകനായ ജിതിൻ ആറ്റിങ്ങൽ ഗവ. പോളി ടെക്നിക്കിൽ നിന്ന് ഓട്ടമൊബൈൽ ഡിപ്ലോമ എടുത്ത ശേഷം പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കി. എൻജിനീയറിങ് യോഗ്യതയുമായി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും തുച്ഛമായ വേതനമാണ് പലയിടത്തും വാഗ്ദാനം ലഭിച്ചത്. അങ്ങനെയാണ് ബസ് ഡ്രൈവറാകാൻ തീരുമാനിച്ചത്.     


സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ ജനങ്ങൾക്കുള്ള പരാതിയെക്കുറിച്ച്, ഇപ്പോൾ നിയമപാലകന്‍റെ വേഷത്തിൽ നിൽക്കുമ്പോൾ ജിതിനു പറയാനുണ്ട് –


'സമയം പാലിക്കാനാണ് പലപ്പോഴും സ്വകാര്യ ബസ് ഡ്രൈവർമാർ അമിതവേഗമെടുക്കുന്നത്. അശാസ്ത്രീയമായ സമയക്രമീകരണമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. റൂട്ടിലെ സമയം തെറ്റിയാൽ ബസുകാർ തമ്മിൽ വഴക്കുണ്ടാകും. തിരക്കുള്ള ദിവസങ്ങളിൽ കുരുക്കിൽപ്പെട്ടുപോകുന്ന ബസുകൾക്ക് കൃത്യസമയത്ത് റൂട്ടിൽ ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നമുണ്ടാകും. ബസ് ജീവനക്കാരിൽ വ്യക്ത‍ിപരമായി മോശം സ്വഭാവമുള്ളവരുമുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. ദേഷ്യം നിയന്ത്രിക്കാനും യാത്രക്കാരോട് ഇടപെടാനും ചിലർക്കെങ്കിലും പരിശീലനം നൽകണം.'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K