07 March, 2020 04:29:47 PM


മാലിന്യം കളഞ്ഞതില്‍ തർക്കം: ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ അഭിഭാഷകൻ മരിച്ചു




ചെങ്ങന്നൂർ: രാത്രി മാലിന്യം കളയാൻ വീടിനു ,പുറത്തിറങ്ങിയ അഭിഭാഷകൻ ദുരൂഹസാഹചര്യത്തില്‍ ആശുപത്രിയിൽ മരിച്ചു. കൊലപാതകമെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചെങ്ങന്നൂർ അങ്ങാടിക്കൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസ് (65) ആണു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.


പുത്തൻകാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു. ഫോൺ എടുത്തവർ പറഞ്ഞതു വാഹനത്തിനു മുന്നിൽ ഏബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെന്നുമാണ്. പിന്നീട് ഏബ്രഹാം മരിച്ചു.
വീടിനു കുറച്ചകലെയുള്ള സ്ഥലത്തു മാലിന്യം കളഞ്ഞ ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഏ‌ബ്രഹാം. തൊട്ടടുത്ത വീട്ടിലെ യുവാവ് ഇതു കണ്ടു രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തി. രണ്ടു ബൈക്കുകളിലായി ഇവർ ഏബ്രഹാമിനെ പിന്തുടർന്നു.


ഏബ്രഹാമിന്‍റെ വീടിനടുത്തുള്ള വളവിൽ വച്ചു ബൈക്കുകൾ കുറുകെ നിർത്തി ഏബ്രഹാമിനെ തടഞ്ഞു. ഏബ്രഹാമിന്‍റെ ഹെൽമെറ്റ് അഴിച്ച് അതുകൊണ്ടു തലയ്ക്കടിച്ചുവെന്നും ബോധരഹിതനായി ഏബ്രഹാം പിന്നോട്ടു വീണുവെന്നുമാണ് സൂചന. തുടർന്നു ഇവര്‍തന്നെ ഏബ്രഹാമിനെ സ്കൂട്ടറിൽ കുറുകെ കിടത്തി അടുത്തുള്ള സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും അവിടെ സ്വീകരിച്ചില്ല. അപകടമുണ്ടായെന്നാണ് ഇവര്‍ ആശുപത്രിയിൽ പറഞ്ഞത്. തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്നാണ് അറിയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K