20 February, 2020 01:40:56 AM


കിടപ്പുമുറിയില്‍ ഗ്രോബാഗില്‍ കഞ്ചാവ്‌ കൃഷി: കട്ടപ്പനയില്‍ യുവാവ്‌ അറസ്‌റ്റില്‍




കട്ടപ്പന: കിടപ്പുമുറിയില്‍ ഗ്രോബാഗ്‌ ഉപയോഗിച്ച്‌ കഞ്ചാവ്‌ കൃഷി ചെയ്‌തയാളെ എക്‌സൈസ്‌ സംഘം പിടികൂടി. നിര്‍മലാസിറ്റി കണ്ണംകുളം മനു (30) ആണ്‌ പിടിയിലായത്‌. ഇയാള്‍ക്കെതിരേ എന്‍.ഡി.പി.എസ്‌. വകുപ്പ്‌ ചുമത്തി. നിര്‍മാണം നടക്കുന്ന വീട്ടില്‍ ഇയാള്‍ ഒറ്റയ്‌ക്കായിരുന്നു താമസം. വീട്ടില്‍ കഞ്ചാവ്‌ വളര്‍ത്തുന്നെന്ന വിവരം ലഭിച്ച എക്‌സൈസ്‌ പ്രദേശത്ത്‌ രണ്ടു ദിവസം മഫ്‌തിയില്‍ നിരീക്ഷണം നടത്തിയശേഷമാണ്‌ പരിശോധന നടത്തിയത്‌. എട്ട്‌ ഗ്രോബാഗുകളില്‍ കഞ്ചാവ്‌ ചെടി കണ്ടെടുത്തു.


40 സെ.മീ. വരെ നീളമുള്ളവയാണ്‌ ചെടികള്‍. പരിസരവാസികള്‍ കാണാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ ജനലുകള്‍ മറച്ചിരുന്നു. കൃത്രിമമായി മുറിയില്‍ ലൈറ്റുകളും ക്രമീകരിച്ചിരുന്നു. ഇയാള്‍ പതിവായി കഞ്ചാവുപയോഗിക്കാറുണ്ടെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കട്ടപ്പന എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ബി. ബിനുവിന്‍റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ പി.ബി. രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ജെയിംസ്‌ മാത്യു, പി.സി. വിജയകുമാര്‍ ജസ്‌റ്റിന്‍ പി. ജോസഫ്‌, ഡ്രൈവര്‍ ഷിജോ അഗസ്‌റ്റിന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K