15 February, 2020 12:49:47 PM


രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് 51 പേര്‍; ബി.ജെ.പി - കോണ്‍ഗ്രസ് പോരാട്ടം



ദില്ലി: കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് രാജ്യസഭയില്‍ ഈ ഏപ്രിലില്‍ വിരമിക്കുന്നത് 51 പേര്‍. ഇതോടെ പരമാവധി അംഗങ്ങളെ സഭയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. തൃണമൂല്‍ കോണ്‍ഗ്രസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും ഇത്തവണ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.


നിലവില്‍ സഭയില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി ബിജു ജനതാദളിന്‍റെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെയാണ് ബില്ലുകള്‍ പാസാക്കിയെടുക്കുന്നത്. വിരമിക്കുന്ന 51 ല്‍ നാലു പേര്‍ ബി.ജെ.പിയുടെതാണ്. 13 പേരെ തിരികെ സഭയില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 245 അംഗ സഭയില്‍ നിലവില്‍ 81 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.


ഒഡീഷയില്‍ ബിജു ജനതാദളിന് വിരമിക്കുന്ന മൂന്നു പേര്‍ക്ക് പകരം രണ്ടു സീറ്റുകളായിരിക്കും ലഭിക്കുക. ഒരു സീറ്റ് ബി.ജെ.പി നേടും. ആന്ധ്രാപ്രദേശില്‍ ഒഴിവുവരുന്ന നാലു സീറ്റുകളും വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചെടുക്കും. ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഒഴിവുവരുന്ന ഓരോ സീറ്റുകളും ബി.ജെ.പിക്ക് ലഭിക്കും.


കോണ്‍ഗ്രസിന് നിലവില്‍ 46 അംഗങ്ങളാണ് സഭയിലുള്ളത്. ഇവരില്‍ 11 പേരാണ് ഏപ്രിലില്‍ വിരമിക്കുന്നത്. പകരം 10 സീറ്റുകളാണ് കോണ്‍ഗ്രസിന് തിരിച്ചുകിട്ടുക. ബംഗാളിലെ അഞ്ചില്‍ നാലു സീറ്റുകളിലൂം തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കും. സി.പി.എം സ്ഥാനാര്‍ത്ഥിയായി സിതാറാം യെച്ചുരിയെ വീണ്ടും നിര്‍ദേശിച്ചാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നാണ് സൂചന.


മഹാരാഷ്ട്ര (7), തമിഴ്‌നാട് (6), ബിഹാര്‍ (5), പശ്ചിമ ബംഗാള്‍ (5), ആന്ധ്രാപ്രദേശ് (4), ഗുജറാത്ത് (4), മധ്യപ്രദേശ് (3), രാജസ്ഥാന്‍ (3), തെലങ്കാന (3), ഒഡീഷ (3), ഝാര്‍ഖണ്ഡ് (2), ഛത്തീസ്ഗഡ് (2), അസം (1), മണിപ്പുര്‍ (1), ഹിമാചല്‍ പ്രദേശ് (1) എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഒഴിവുകള്‍. മഹാരാഷ്ട്രയിലെ ഏഴില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ശിവസേനയ്ക്ക് ഒരെണ്ണവും എന്‍.സി.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കും. ബി.ജെ.പി സഖ്യകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്തവാലെ ഒരുവട്ടം കൂടി രാജ്യസഭയില്‍ എത്തിയേക്കും.


തമിഴ്‌നാട്ടിലെ ഒഴിവുള്ള ആറില്‍ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും മൂന്നു വീതം സീറ്റുകളില്‍ വിജയിക്കും. എ.ഐ.എ.ഡി.എം.കെയ്ക്ക് നിലവില്‍ 11 അംഗങ്ങളാണ് സഭയിലുള്ളത്. ബിഹാറിലെ അഞ്ചില്‍ മൂന്നെണ്ണം ജനതാദള്‍-ബി.ജെ.പി സഖ്യത്തിന് ലഭിക്കും. രണ്ടു സീറ്റുകളില്‍ ആര്‍.ജെ.ഡി രണ്ടു സീറ്റുകളിലും മത്സരിക്കും. ആര്‍.ജെ.ഡിയുടെ ഒരു പോസ്റ്റില്‍ റാബ്‌റി ദേവിയെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്നാണ് സൂചന. മധ്യപ്രദേശിലെ മൂന്നു സീറ്റുകളില്‍ നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് രണ്ടുസീറ്റുകളില്‍ കോണ്‍ഗ്രസും ഒരെണ്ണത്തില്‍ ബി.ജെ.പിക്കും വിജയിക്കാന്‍ കഴിഞ്ഞേക്കും.


ആറുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന അംഗങ്ങളില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ്, എന്‍.സി.പി നേതാവ് ശരത് പവാര്‍, കേന്ദ്രസാമൂഹിക ക്ഷേമസഹമന്ത്രി രാംദാസ് അത്താവലെ, കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, ദിഗ്‌വിജയ് സിംഗ്, മധുസൂദന്‍ മിസ്ട്രി, ബി.ജെ.പി നേതാവ് വിജയ് ഗോയല്‍, സത്യനാരായണ്‍ ജാതിയ, ഡി.എം.കെയിലെ ടി.ശിവ, ജെ.ഡി.യു നേതാവ് കഹകഷന്‍ പ്രവീണ്‍, എ.ഐ.എ.ഡി.എം.കെ നേതാവ് വാലിയ സത്യാനന്ദ എന്നീ പ്രമുഖരുമുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K