14 February, 2020 12:22:20 AM


മുണ്ടക്കയം പട്ടണനടുവില്‍ യുവതിയെ പൂട്ടിയിട്ടു പത്തു പവനും പണവും കവര്‍ന്നു



മുണ്ടക്കയം: പട്ടണ നടുവില്‍ യുവതിയെ പൂട്ടിയിട്ടു പത്തു പവനും പണവും കവര്‍ന്നു. മുണ്ടക്കയം ടൗണിനോടു ചേര്‍ന്നു മാര്‍ത്തോമ്മ പളളിക്കു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ്  യുവതിയെ പുറത്തുനിന്നും പൂട്ടിയശേഷം വീട്ടിലെ ഹാളില്‍ മേശക്കുളളില്‍ സൂക്ഷിച്ച പത്തുപവന്‍ സ്വര്‍ണ്ണവും 2700രൂപയും കവര്‍ന്നത്. ബി.എസ്.എന്‍.എല്‍ നിന്നും റിട്ടയര്‍ ചെയ്ത ജീവനക്കാരന്‍ തുലവഞ്ചേരില്‍ ഗോപാലകൃഷ്ണന്‍ (ഗോപാലി) താമസിക്കുന്ന വാടക വീട്ടില്‍ മകള്‍ രമ്യയെ മുറിയുടെ പുറത്തുനിന്നും പൂട്ടിയാണ് കളളന്‍ കവര്‍ച്ച നടത്തിയത്.


രോഗാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായ ഗോപാലകൃഷ്ണനൊപ്പം ഭാര്യ വിജയമ്മ, മകന്‍ രഞ്ജിത് എന്നിവര്‍ പോയതിനാല്‍ വീട്ടില്‍ ഇളയമകള്‍ രമ്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2.30ഓടെ വീട്ടില്‍ ചെറിയ ശബ്ദം കേട്ടെങ്കിലും സ്വപ്‌നത്തിലായിരിക്കുമെന്നാണ് കരുതിയത്. വീണ്ടും ശബ്ദമുണ്ടായതോടെ ഉണര്‍ന്നെങ്കിലും ഒറ്റക്ക് ആയതിനാല്‍ ഭയം മൂലം ശബ്ദം കേട്ട സ്ഥലത്തേക്കു ഇറങ്ങാന്‍ തയ്യാറായില്ല. ഇതിനിടയില്‍ മോഷ്ടാവ് താന്‍ കിടന്ന മുറിപുറത്തുനിന്നും പൂട്ടുന്ന ശബ്ദവും കേട്ടു. ഇരുപതു മിനിട്ടോളം  ഭയന്നു യുവതി കട്ടിലില്‍ തന്നെ ഇരുന്നു.


ഇതിനിടയില്‍ കളളന്‍  മേശക്കുളളിലെ പേഴ്‌സിനുളളില്‍ സൂക്ഷിച്ചിരുന്ന   രണ്ടു മാല, 2 കാപ്പ്‌വള, 4 മോതിരം, 2 ജോഡി കമ്മല്‍ എന്നിവയും മറ്റൊരു പേഴ്‌സില്‍ ഉണ്ടായിരുന്ന 2700 രൂപയും കവര്‍ന്നു രക്ഷപെട്ടു. കളളന്‍ പോയതോടെ പുറത്തിറങ്ങി അയല്‍വക്കവീട്ടില്‍ നിലവിളിച്ചു എത്തി രമ്യ വിവരം പറഞ്ഞ് ആളുകള്‍ കൂടിയെങ്കിലും കളളനെ പിടികൂടാനായില്ല. വീടിനു പുറത്തേക്കു ഇറങ്ങുന്നതിനിടെ ഗേറ്റ് ചാടി തസ്‌കരന്‍ രക്ഷപെടുന്നത്  രമ്യയുടെ ശ്രദ്ദയില്‍പെടുകയും കൈയ്യിലുണ്ടായിരുന്ന സ്റ്റീല്‍ താഴ്ഉപയോഗിച്ചു ഇയാളെ എറിഞ്ഞതായും രമ്യ പറഞ്ഞു.


പിന്നീട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയച്ചതിനെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കളളനെ കണ്ടെത്തനായില്ല.രണ്ടാം നിലയില്‍ മോഷണം നടത്തി പുറത്തേക്കിറങ്ങിയ ഇയാള്‍ നീല ജീന്‍സും ടി.ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്നും മുഖം ടൗവ്വല്‍ഉപയോഗിച്ചു മറച്ചിരുന്നതായും യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.യുവതിയുെട വിവാഹത്തിനായി മാതാവ് വിജയമ്മ സൂക്ഷിച്ചു വച്ചിരുന്നതാണ് സ്വര്‍ണ്ണം. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുണ്ടക്കയം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ഷിബുകുമാര്‍  പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K