12 February, 2020 01:10:28 PM


സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന്‍റെ പരമാവധി വില 13 രൂപ; സര്‍ക്കാര്‍ ഉത്തരവായി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന്‍റെ പരമാവധി വില 13 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവച്ചു. ഇപ്പോൾ ഒരു ലിറ്റര്‍ കുപ്പിവെള്ളം കടകളില്‍ വില്‍ക്കുന്നത് 20 രൂപയ്ക്കാണ്.  നികുതി ഉൾപ്പെടെ 8 രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളത്തിലാണ് ചില്ലറ വിൽപനക്കാർ കൊള്ളലാഭം കൊയ്യുന്നത്.


2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ ഒരു വിഭാഗം സ്വാഗതം ചെയ്തപ്പോള്‍ വന്‍കിടകമ്പനികള്‍ ഉള്‍പ്പെടെ മറ്റൊരു വിഭാഗം എതിര്‍ത്തു. തുടര്‍ന്ന് മന്ത്രി പി.തിലോമത്തമന്‍റെ നേതൃത്വത്തിൽ ചർച്ചകള്‍ നടത്തിയിരുന്നു. നിർമാണച്ചെലവു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തവര്‍ കുറഞ്ഞ വില 15 രൂപയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതു നിയമയുദ്ധത്തിലേക്കു നീങ്ങിയപ്പോഴാണു കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു വില നിർണയിച്ചത്.


ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും ഇതോടൊപ്പം കൊണ്ടുവരും. വ്യവസ്ഥകൾ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്‍റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗികകണക്കുകള്‍. ഈ കമ്പനികൾ ഓരോന്നും ദിവസേന ശരാശരി 5000 ലിറ്റർ കുപ്പിവെള്ളം വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നാൽ ഇവയുടെ ഇരട്ടി അനധികൃത കമ്പനികള്‍ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.


നിയമപ്രകാരം ഒരു കുപ്പിവെള്ളനിർമാണ യൂണിറ്റ് തു‌ടങ്ങാൻ 12 ലൈസൻസ് നേടണം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് സോഡ നിർമാണത്തിനുള്ള ലൈസൻസ് നേടിയശേഷം അതിന്‍റെ മറവിലാണു അനധികൃതമായി ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉൽപ്പാദിപ്പിച്ച് വില്‍ക്കുന്നത്. ബിഐഎസ് നിയമം കർശനമാക്കുന്നതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണു കണക്കുകൂട്ടൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K