11 February, 2020 10:26:08 PM


പെണ്‍കുട്ടികളുടെ മുന്നില്‍ നടുറോഡില്‍ നഗ്നതാപ്രദര്‍ശനം: കോട്ടയം തെള്ളകം സ്വദേശി പിടിയില്‍



കോട്ടയം: കോളേജ് വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ പരസ്യമായി സ്വയംഭോഗം നടത്തിവന്ന മധ്യവയസ്കന്‍ പോലീസിന്‍റെ രഹസ്യമായ നീക്കത്തിലൂടെ അറസ്റ്റിലായി. ഏറ്റുമാനൂര്‍ തെള്ളകം ഹോളിക്രോസ് സ്കൂളിന് സമീപം നമ്പിമഠത്തില്‍ സോണി തോമസ് (52) ആണ് അറസ്റ്റിലായത്. കോട്ടയം നഗരത്തില്‍ ബിസിഎം കോളേജിന് എതിര്‍വശത്തുള്ള ഹോസ്റ്റലിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ  മുന്നിലായിരുന്നു  സ്ഥിരമായുള്ള ഇയാളുടെ നഗ്നതാപ്രദര്‍ശനം. 


കോട്ടയത്ത് ഹോസ്റ്റലിലേക്കുള്ള വഴിയില്‍ ഹെല്‍മറ്റ് ധരിച്ച് സ്കൂട്ടറില്‍ ഇരുന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഇയാളുടെ ശല്യം ഈ ഭാഗത്ത് ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത് ബിസിഎം കോളേജിലെ അധ്യാപികയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ കോട്ടയം ഡി വൈ എസ് പി ഓഫീസില്‍ ലഭിച്ച വിവരത്തെതുടര്‍ന്ന് വനിതാപോലീസിന്‍റെ സഹായത്തോടെ വിരിച്ച വലയിലാണ് സോണി കുടുങ്ങിയത്. 


സ്ഥിരമായി വരുന്ന ആക്ടീവ സ്കൂട്ടറിന്‍റെ നമ്പര്‍ പരിശോധിച്ച് ആദ്യം ആളെ മനസിലാക്കി. തുടര്‍ന്ന് വനിതാ പോലീസിനെ രംഗത്തിറക്കുകയായിരുന്നു. പ്രേമം നടിച്ച് ടെലിഫോണില്‍ ബന്ധപ്പെട്ട പിങ്ക് പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇയാളോട് കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന് അടിയില്‍ എത്തുവാന്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് വാനുമായി വരാമെന്ന് സോണി പറഞ്ഞു. സ്കൂട്ടറില്‍ മഫ്തിയില്‍ സ്ഥലത്തെത്തിയ വനിതാ പോലീസ് ഇയാളുടെ നിര്‍ദ്ദേശപ്രകാരം വാനിനടുത്തേക്ക് നീങ്ങി. ഈ സമയം പിന്നാലെ എത്തിയ  പോലീസ് സംഘം സോണിയെ കയ്യോടെ പിടികൂടുകയായിരുന്നു. 


ഏറ്റുമാനൂര്‍ ടൗണിലെ സ്കൂളില്‍ സ്വന്തം വാഹനത്തില്‍ കുട്ടികളെ കൊണ്ടുവിടുകയും തിരികെ വീടുകളിലേക്ക് കൊണ്ടുപോരുകയും ചെയ്യുന്നയാള്‍ കൂടിയാണ് സോണി. ഇയാള്‍ അറസ്റ്റിലായതറിഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആശങ്കയിലായിരിക്കുകയാണ്. കോട്ടയം ഡി വൈ എസ് പി ഓഫീസിലെ എസ്ഐ കെ.ആര്‍ പ്രസാദ്, എഎസ്ഐ കെ.ആര്‍.അരുണ്‍കുമാര്‍, പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ ടാനിയാ വര്‍ഗീസ്, സബീന, ബേബിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ എം.ജെ.അരുണ്‍ കേസ് രജിസ്റ്റര്‍ ചെയ്തു.



Share this News Now:
  • Google+
Like(s): 5.9K