08 February, 2020 08:45:13 PM


തിര വില്ലനായി; വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ യുവതിക്ക് ദാരുണാന്ത്യം



ചെന്നൈ; സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കണ്‍മുന്നിൽ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിനിടെ യുവ ദമ്പതികളെ കാത്തിരുന്നത് വൻ ദുരന്തം. വെല്ലൂരിൽ നിന്നുള്ള വേണി- വിഗ്നേഷ് ദമ്പതികളാണ് രണ്ടാം വിവാഹ വാർഷികം അടിപൊളിയാക്കാൻ കടൽക്കരയിലെത്തിയത്. വെള്ളത്തിലിറങ്ങി നിന്ന് മോതിരം കൈമാറുന്നതിനിടെ അലയടിച്ചെത്തിയ വൻതിരയിൽ വേണിയെ കാണാതാവുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ കൊട്ടിവാക്കം ബീച്ചിൽ നിന്നാണ് വേണിയുടെ മൃതദേഹം കണ്ടെത്തിയത്. 


ഒരുവയസുള്ള മകനും പത്തോളം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് വേണിയും വിഗ്നേഷും വിവാഹവാർഷികം കെങ്കേമമാക്കാൻ നിരവധി കാറുകളിൽ ബീച്ചിലെത്തിയത്. ചെന്നൈയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങുകയായിരുന്നു എല്ലാവരും. വ്യാഴാഴ്ച രാത്രി അത്താഴത്തിനുശേഷം എല്ലാവരും ബീച്ചിലെത്തി. രാത്രി 11.30ഓടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. 


ദമ്പതികൾ കടലിലേക്ക് പോകുന്നത് കണ്ട് ഡ്യൂട്ടിയുണ്ടായിരുന്നു രണ്ട് പൊലീസുകാർ ഇവരെ തടയാനെത്തി. ഈ സമയത്ത് കടലിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പൊലീസുകാർ ദമ്പതികളെ അറിയിച്ചുവെന്ന് നീലാങ്കര പൊലീസ് പറയുന്നു. പൊലീസുമായി വഴക്കിട്ട ശേഷമാണ് ദമ്പതികൾ വെള്ളത്തിലിറങ്ങിയത്. അവിടെ വെച്ച് തന്നെ കേക്കും മുറിച്ചു. 11.45 ഓടെ മോതിരം കൈമാറുന്നതിനായി ദമ്പതികൾ കടൽ വെള്ളത്തിലേക്ക് ഇറങ്ങി. ഇടുപ്പോളം വെള്ളത്തിലായിരുന്നു ഇരുവരും. പെട്ടെന്ന് വലിയൊരു തിരമാലയിൽ നിലതെറ്റിയ വേണിയെ കാണാതായി. വിഗ്നേഷ് ഒരു വിധത്തിൽ നീന്തി കരയിലെത്തി. 


ഭയന്നുവിറച്ച സുഹൃത്തുക്കളും ബന്ധുക്കളും ഉടനടി പൊലീസിനെ വിവരം ധരിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ബോട്ട് സംഘടിപ്പിച്ച് വേണിയെ രക്ഷിക്കാൻ തെരച്ചിൽ തുടങ്ങി. ഒരു മണിക്കൂർ നീണ്ട പരിശ്രമിത്തിനൊടുവിലാണ് വേണിയുടെ ജീവനറ്റ ശരീരം കൊട്ടിവാക്കം ബീച്ചിൽ നിന്ന് കിട്ടിയത്. മൃതദേഹം റോയാപ്പേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിലെ ബീച്ചിൽ ഇത്തരം അപകടം സംഭവിക്കുന്നത് ഇതാദ്യമല്ലെന്ന് പൊലീസ് പറയുന്നു. കടലിലിറങ്ങരുതെന്ന് പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിനുശേഷം തങ്ങൾ പോയികഴിഞ്ഞാലുടൻ അവർ കടലിലേക്ക് ഇറങ്ങും. രാത്രി സന്ദർശകർ കടലിലിറങ്ങാതിരിക്കുന്നതിന് വേലി കെട്ടി തിരിക്കണമെന്നും പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K