31 January, 2020 10:19:43 PM


സുഭാഷ് വാസുവിനെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി; സംഘർഷം



മാവേലിക്കര: എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്‍റായി സുഭാഷ് വാസുവിനും സെക്രട്ടറിയായി സുരേഷ് ബാബുവിനും തുടരാമെന്നു കൊല്ലം പ്രിൻസിപ്പൽ സബ് കോടതി ജഡ്ജി ഡോണി വർഗീസ് ഉത്തരവിട്ടു. നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാടില്ലെന്നും ദൈനംദിന കാര്യങ്ങൾ നടത്താമെന്നും ഉത്തരവിലുണ്ട്. യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററായി സിനിൽ മുണ്ടപ്പള്ളിയെ നിയമിച്ചതിനെതിരെ സുഭാഷ് വാസുവും സുരേഷ് ബാബുവും നൽകിയ പരാതിയിലാണ് ഇടക്കാല വിധി.


യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപ് നോട്ടിസ് നൽകുകയോ ഭാഗം കേൾക്കുകയോ ചെയ്തില്ലെന്നായിരുന്നു ഇരുവരുടെയും പരാതി. എന്നാല്‍ കോടതിയുടെ അനുകൂല വിധിക്കുശേഷം എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ ഓഫിസിലെത്തിയ സുഭാഷ് വാസുവിനെ മറുവിഭാഗം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൂട്ടുപൊളിച്ച് ഓഫീസിന് അകത്തുകയറി. പിന്നീട് ഇരുകൂട്ടരെയും പൊലീസ് പുറത്താക്കി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് 5.30 ഓടെയാണ് സുഭാഷ് വാസുവും കൂട്ടരും ഓഫീസില്‍ പ്രവേശിക്കാനെത്തിയത്. വെള്ളാപ്പള്ളി അനുകൂലികള്‍ ഇത് തടഞ്ഞു. തുടര്‍ന്നായിരുന്നു സംഘര്‍ഷം.


ബലമായി ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സുഭാഷ് വാസു വിഭാഗത്തെ പൊലീസ് തടഞ്ഞു. ഇരുകൂട്ടര്‍ക്കും പൊലീസ് പ്രവേശനം നിഷേധിച്ചു. പൊലീസ് വെള്ളാപ്പള്ളിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സുഭാഷ് വാസു ആരോപിച്ചു. തുടർന്ന് എതിര്‍വിഭാഗം വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വര്‍ഷം ഉള്ളതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഡിസംബര്‍ 28നാണ് സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയന്‍ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ കൈമാറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K