29 January, 2020 06:47:18 AM


കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു; ഒരാൾക്ക് പരിക്ക്



കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സൈനികൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു . കടയ്ക്കൽ വയല ആനപ്പാറ ഗോകുലത്തിൽ ഗോപകുമാറിന്റെ മകൻ സൈനികനായ ഗോകുൽ ഗോപൻ (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ വയല തോട്ടൻമുക്ക് അനന്ദു ഭവനിൽ ഓമന കുട്ടന്റെ മകൻ നിയമ വിദ്യാർത്ഥിയായ അനന്ദുകൃഷ്‌ണൻ  (24) നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 11.40ന് കിഴക്കേത്തെരുവ് പാലനിരപ്പ് ജംഗ്ഷന് സമീപമായിരുന്നു  അപകടം. പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന ബസ് എതിരെ വരുകയായിരുന്ന ഗോകുൽ  സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഗോകുൽ തൽക്ഷണം മരിച്ചു. അനന്ദു കൃഷ്ണന്റെ സഹോദരിയുടെ വിവാഹത്തിനായി നാട്ടിൽ എത്തിയതായിരുന്നു ഗോകുൽ. അവിവാഹിതനാണ്. കൊട്ടാരക്കര പോലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K