15 January, 2020 09:59:29 PM


തിരുവല്ല നഗരസഭയില്‍ അരമണിക്കൂറുകൊണ്ട് വീട്ടമ്മയ്ക്ക് റേഷന്‍ കാര്‍ഡ്



തിരുവല്ല : തിരുവല്ല നഗരസഭയില്‍ നിന്ന് അരമണിക്കൂറുകൊണ്ട് വീട്ടമ്മയ്ക്ക് റേഷന്‍ കാര്‍ഡ് കിട്ടിയ വാര്‍ത്ത സാധാരണക്കാര്‍ക്ക് ഒരു അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. നഗരസഭയില്‍ വൈഎംസിഎയ്ക്ക് സമീപത്തായാണ് ഷെറിന്റെ വീട്. ഡ്രൈവറായ ഭര്‍ത്താവ് അന്‍സാരിയും നാലു വയസുള്ള മകളുമാണ് ഷെറിന്റെ 'ലൈഫിലുള്ളത്'. സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത ഷെറിന് ലൈഫ് കുടുംബ സംഗമത്തിലെ അദാലത്തിലൂടെ അര മണിക്കൂറില്‍ റേഷന്‍ കാര്‍ഡ് കിട്ടി. ബി.പി.എല്‍ കാര്‍ഡാണ് ഷെറിന് ലഭിച്ചത്.


നഗരസഭയുടെ ലൈഫ് കുടുംബ സംഗമത്തില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ ഇത്തരത്തിലുള്ള എട്ട് അപേക്ഷകളാണ് ലഭിച്ചത്. റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാനും തിരുത്താനും പുതിയ റേഷന്‍ കാര്‍ഡിനുമായാണ് ഗുണഭോക്താക്കള്‍ അപേക്ഷകളുമായി എത്തിയത്. അദാലത്തില്‍ ലഭിച്ച എട്ട് അപേക്ഷകളില്‍ 6 എണ്ണവും തീര്‍പ്പാക്കി. 2 പേര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.മായാദേവി അറിയിച്ചു.


കൂടാതെ നഗരസഭയില്‍ 356 കുടുംബങ്ങളാണ് വീട് ഇല്ലാത്തവരായി ഉണ്ടായിരുന്നത്. ലൈഫ്, പിഎംഎവൈ പദ്ധതിയില്‍ 305 പേര്‍ക്കാണ് വീടിനു ധനസഹായം അനുവദിച്ചത്. 4 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 170 പേര്‍ വീട് പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ വീടുനിര്‍മാണം വിവിധ ഘട്ടങ്ങളിലാണിപ്പോള്‍. ഇതിനു പുറമേ 2004-05 കാലയളവില്‍ ധനസഹായം ലഭിച്ച് വീടു പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 44 പേരുണ്ട്.ഇവരുടെ വീട് പൂര്‍ത്തീകരണത്തിനു സഹായം നല്‍കി അവരെയും ഉള്‍പ്പെടുത്തിയാണ് ഇന്നലെ സംഗമം നടത്തിയത്. പുതിയ വീട് നിര്‍മിച്ചു താമസം തുടങ്ങുമ്പോള്‍ ലഭിക്കേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമായി എന്നതാണ് ഗുണഭോക്താക്കള്‍ക്കു കിട്ടിയ പ്രയോജനം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K