14 January, 2020 09:58:57 PM


'ലവ് ജിഹാദ് ശക്തം'; ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിടുന്നു - സീറോ മലബാർ സിനഡ്



കൊച്ചി: മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളരുകയാണെന്ന് സീറോ മലബാർ സിനഡ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിനഡിന്‍റെ ചർച്ചകൾക്കിടെ നിരീക്ഷണമുണ്ടായി. സീറോ മലബാർ സഭ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്‍റണി തലച്ചെല്ലൂർ ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി.


ലവ് ജിഹാദിന്‍റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്നതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത് 21 പേരെയാണ്. ഇതിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് ചൂണ്ടിക്കാട്ടി. എന്നാൽ ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത നിരവധി പെൺകുട്ടികൾ ലവ് ജിഹാദിലൂടെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സിനഡ് വിലയിരുത്തി.


ലൗ ജിഹാദ് എന്നത് സാങ്കൽപികമല്ല എന്നതിന് ഈ കണക്കുകൾ സാക്ഷ്യം നൽകുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് ഗൌരവത്തോട കാണുന്നില്ലും സിനഡ് കുറ്റപ്പെടുത്തി. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോ​ഗിച്ച് മതപരിവർത്തനത്തിനു നിർബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ കേരളത്തിൽ ധാരാളമെന്ന് സിനഡ് ചൂണ്ടിക്കാട്ടി. ഈ പരാതികളിലൊന്നും പോലീസ് ജാ​ഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഖകരമാണ്.


ലൗ ജിഹാദിനെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്‍റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരു പോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡില്‍ നിര്‍ദ്ദേശമുയര്‍ന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K