08 January, 2020 06:05:47 PM


നെല്ലിന്‍റെ വില തിരിച്ചടയ്ക്കാതെ സര്‍ക്കാര്‍; നെല്‍കര്‍ഷകരെ ആശങ്കയിലാഴ്ത്തി ബാങ്കുകള്‍

- എന്‍.ജി.സംഗീത



പാലക്കാട്: സപ്ലൈകോ വഴി ശേഖരിച്ച നെല്ലിന്റെ വില ബാങ്കുകള്‍ നല്‍കിയത് സര്‍ക്കാര്‍ കൃത്യമായി തിരിച്ചടയ്ക്കാത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ സീസണുകളില്‍ സംസ്ഥാനത്തെ വിവിധ പാടശേഖരങ്ങളില്‍ നിന്നും നെല്‍ സംഭരിച്ച സപ്ലൈകോ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കിയത് ബാങ്കുകള്‍ വഴിയായിരുന്നു. പിന്നീട് സര്‍ക്കാര്‍ തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയില്‍ ബാങ്കുകള്‍ ലോണായാണ് ഈ തുക വിതരണം ചെയ്തത്. എന്നാല്‍ തങ്ങള്‍ക്ക് ബാങ്ക് തുക നല്‍കിയത് വായ്പയായിട്ടാണ് എന്നറിയാതെയാണ് കര്‍ഷകരില്‍ ഏറെയും നെല്‍വില കൈപ്പറ്റിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകന് സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.


2018-19 വര്‍ഷത്തില്‍ 25 രൂപ 30 പൈസയ്ക്കായിരുന്നു സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്‍ ശേഖരിച്ചത്. ഈ വര്‍ഷം ആദ്യം ശേഖരിച്ചത് 26 രൂപ 95 പൈസയ്ക്കും. ഓരോ കര്‍ഷകരില്‍നിന്നും ശേഖരിച്ച നെല്ലിന്റെ അളവ് കണക്കാക്കിയുള്ള തുകയാണ് ബാങ്ക് നല്‍കിയത്. പണം ലഭ്യമാക്കിയപ്പോള്‍ വായ്പ നല്‍കുന്നതിന് സമാനമായി ഏതാനും രേഖകള്‍ ബാങ്ക് അധികൃതര്‍ തങ്ങളോട് ഒപ്പിട്ടുവാങ്ങിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. പണം സര്‍ക്കാര്‍ അടച്ചില്ലെങ്കില്‍ ഈ തുക കര്‍ഷകന്‍ തിരിച്ചടയ്ക്കണമെന്ന ഉപവാക്യം ഉണ്ടായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. പ്രതിമാസതവണകള്‍ മുടങ്ങി എന്നും എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ എത്തിയതോടെയാണ് ഇതിന്റെ കുരുക്ക് കര്‍ഷകര്‍ക്ക് വ്യക്തമാകുന്നത്. 


തങ്ങള്‍ക്ക് ബാങ്ക് നല്‍കിയ തുക സപ്ലൈകോ തിരിച്ചടച്ചിട്ടില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കര്‍ഷകര്‍ക്ക് മനസിലാകുന്നത്. സംസ്ഥാനത്തെ പതിനായിരകണക്കിന് കര്‍ഷകരില്‍ നിന്നും നെല്‍ സംഭരിച്ച വകയില്‍ കോടികളാണ് സര്‍ക്കാര്‍ ഇനിയും തിരിച്ചടയ്ക്കാനുള്ളത്. എസ്ബിഐ, കനറാ ബാങ്ക് ഉള്‍പ്പെടെ എട്ടോളം ബാങ്കുകളാണ് ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടുള്ളത്. ഒരാള്‍ക്ക് മൂന്ന് ലക്ഷം വരെയെന്ന പരിധി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ നെല്‍ വിറ്റ ഒട്ടേറെ കര്‍ഷകര്‍ക്ക് പണം പൂര്‍ണമായി ലഭിച്ചിട്ടുമില്ല.  


അതേസമയം, സന്ദേശം വരുന്നത് കാര്യമാക്കേണ്ട എന്നും സപ്ലൈകോ പണം തിരികെ അടച്ചു തീരുമ്പോള്‍ അത് നിലയ്ക്കുമെന്നുമാണ് കൃഷി ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന ഉപദേശം. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തരല്ല കര്‍ഷകര്‍. അഞ്ച് മാസമായി സന്ദേശം കൃത്യമായി ഫോണില്‍ വന്നുതുടങ്ങിയിട്ട്. ഇനിയും പണമടച്ചില്ലെങ്കില്‍ ജപ്തിനടപടികള്‍ നേരിടേണ്ടിവരുമോ എന്ന ഭയത്തിലാണ് കര്‍ഷകര്‍. ബാങ്ക് അധികൃതര്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ ഒപ്പിട്ടു എന്നല്ലാതെ രേഖകളില്‍ എന്താണ് എഴുതി പിടിപ്പിച്ചിരിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിവില്ലെന്നാണ് സാധാരണക്കാരായ കര്‍ഷകരുടെ തേങ്ങല്‍. പല പാടശേഖരങ്ങളിലേയും കര്‍ഷകര്‍ കൃഷി ചെയ്തിരിക്കുന്നത് പ്രായം ചെന്ന മാതാപിതാക്കളുടെ പേരിലുള്ള വസ്തുവിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ പണം ഒപ്പിട്ട് വാങ്ങിയ മാതാപിതാക്കളും പെരുവഴിയിലാകുമോ എന്ന സംശയവും ഇവര്‍ക്ക് ഇല്ലാതില്ല.  


അടുത്ത മാര്‍ച്ചില്‍ വീണ്ടും കൊയ്ത്ത് നടക്കും. അന്നും സപ്ലൈകോ നെല്‍ സംഭരിക്കുമ്പോള്‍ ബാങ്ക് എങ്ങിനെയാകും പ്രതികരിക്കുക എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. തങ്ങളുടെ ഉത്പന്നത്തിന് ലഭിച്ച വിലയാണെങ്കിലും ബാങ്കിന് മുന്നില്‍ കര്‍ഷകര്‍ ഇപ്പോള്‍ 'കടക്കാരാ'ണ്. കുടിശിഖക്കാരന്‍ എന്ന നിലയില്‍ 'സിബിള്‍ സ്‌കോര്‍' കുറയുന്നതുമൂലം മറ്റ് വായ്പകള്‍ ലഭിക്കാത്ത സാഹചര്യവും കര്‍ഷകര്‍ക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ കൊയ്യുന്ന നെല്‍ സംഭരിക്കുന്ന സാഹചര്യത്തില്‍ സപ്ലൈകോ നല്‍കാനുള്ള തുക നെല്ലിന്റെ വിലയില്‍ വകവെച്ചാല്‍ ഒരു വര്‍ഷത്തെ അധ്വാനം വെറുതെയാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ വില കുറഞ്ഞാലും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും നെല്‍ വില്‍ക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് കര്‍ഷകര്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K