07 January, 2020 10:55:42 PM


കാത്തിരിപ്പിനു പത്തു വയസ്; കാഞ്ഞിരപ്പളളി ബൈപ്പാസ് നിര്‍മ്മാണം ചുവപ്പു നാടയില്‍ തന്നെ

- നൗഷാദ് വെംബ്ലികാഞ്ഞിരപ്പളളി: കാത്തിരിപ്പിനു പത്തു വയസ്. കാഞ്ഞിരപ്പളളി ബൈപ്പാസ് നിര്‍മ്മാണം ചുവപ്പു നാടയില്‍തന്നെ.
2010ല്‍ അന്നത്തെ എം.എല്‍.എ അല്‍ഫോന്‍സ് കണ്ണന്താനം തുടക്കം കുറിച്ച  കാഞ്ഞിരപ്പളളി ബൈപ്പാസ് നിയമചരടില്‍ കുടുങ്ങിയത് അഴിച്ചെങ്കിലും പണം ഇല്ലാത്ത കിഫ്ബിയില്‍ കുടുങ്ങി കിടക്കുകയാണ്. ജില്ലയിലെ തിരക്കേറിയ പട്ടണങ്ങളിലൊന്നായ കാഞ്ഞിരപ്പളളി പട്ടണത്തിലെ ഗതാഗത കുരുക്കഴിക്കാനാണ് അല്‍ഫോന്‍സ് കണ്ണന്താനം ബൈപ്പാസ് എന്ന ആശയവുമായി രംഗത്തു വന്നത്.


ബൈപാസിനായി വി.എസ്.സര്‍ക്കാര്‍  ഒരു കോടി രൂപ ഫണ്ടും വകയിരുത്തി. കാഞ്ഞിരപ്പളളി പഞ്ചായത്ത് വളവില്‍നിന്നും മേല്‍പ്പാലം നിര്‍മ്മിച്ചു ടൗണ്‍ ഹാള്‍ വഴി പൂതക്കുഴിയില്‍ എത്തുന്ന 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ബൈപ്പാസായിരുന്നു ലക്ഷ്യം വച്ചത്. ഇതിനായി സ്ഥലം കൈവശപ്പെടുത്തുന്നതിനായി അന്നത്തെ കോട്ടയം ജില്ലാ കലക്ടറെ ചുമതലപെടുത്തി. അക്വസിഷന്‍ നടപടിയുമായി നീങ്ങിയെങ്കിലും നടപടി നീക്കിയത് ഡപ്യൂട്ടി കലക്ടറാണന്നു ചൂണ്ടി കാട്ടി സ്വകാര്യ വ്യക്തി  കോടതിയെ സമീപിച്ചതോടെ പദ്ധതി പാതിവഴിയില്‍ നിലച്ചു. 


ഇതിനിടെ  മാറി വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളായി ഇരുപതു കോടി രൂപ കൂടി ഇതിനായി വകയിരുത്തിയെങ്കിലും  കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏറെ വൈകി. പിന്നീട് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും ഇതുവരെയായി സ്ഥലം ഉടമകള്‍ക്കു പണം നല്‍കിയിട്ടില്ലായെന്നതാണ് തടസ്സത്തിന്‍റെ ഒരു കാരണം.  പിന്നീട് കിഫ്ബി നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുകയും 90 കോടി രൂപ അനുവദിക്കുകയും ചെയ്തു. പക്ഷെ ഒരു രൂപ ഇതിനായി മുടക്കാന്‍ ഈ വിഭാഗം തയ്യാറായിട്ടില്ല.


ഇതിനിടെ പരിസ്ഥിതി ആഘാതപ്രശ്‌നങ്ങള്‍ ഉന്നയിച്ചു ചിലര്‍ പരാതിയുമായി രംഗത്തുവന്നെങ്കിലും  അതെിനെല്ലാം പരിഹാരമുണ്ടാക്കി. പക്ഷെ പണമില്ലാതെ പദ്ധതി നിലച്ചു.  പത്തു വയസ് തികഞ്ഞ ഈ പദ്ധതിക്കു ഈ വര്‍ഷമെങ്കിലും  ജീവന്‍ വെക്കുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാര്‍. കാഞ്ഞിരപ്പളളി ബൈപ്പാസ് ചുവപ്പു നാടയില്‍ കുടുങ്ങിയപ്പോള്‍  2010-15ല്‍ കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് ആശയമായി മുന്നോട്ടു കൊണ്ടുവന്ന മിനി ബൈപ്പാസും  പ്രഖ്യാപനത്തില്‍ ഒതുങ്ങേണ്ടി വന്നു.  കാഞ്ഞിരപ്പളളി പേട്ട കവലയില്‍ നിന്നും തുടങ്ങി ചിറ്റാര്‍ പുഴയോരത്തുകൂടി കുരിശുകവലയിലെത്തുകയെന്ന പദ്ധതിയായിരുന്നു മിനി ബൈപ്പാസ്.


മിനി ബൈപാസിന് 1.10 കോടി രൂപ പഞ്ചായത്ത് നീക്കി വക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ഇതിനിടെ അഴിമതിയാരോപണം ഉന്നയിച്ചു പുഞ്ചവയല്‍ സ്വദേശി വിജിലന്‍സിനു പരാതി നല്‍കിയതോടെ ഏറെ രാഷ്ട്രിയ വിവാദത്തിനു തിരികൊളുത്തി പദ്ധതി പാതിവഴിയില്‍ നിലച്ചു. തുടര്‍ന്നു നടന്ന അന്വേഷണം അടുത്ത കാലത്തായി പൂര്‍ത്തിയാവുകയും അഴിമതിയില്ലെന്ന്‌ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു. പദ്ധതി തുടര്‍ നിര്‍മ്മാണം നടത്തണമെന്നും അല്ലാത്ത പക്ഷം  സാമ്പത്തിക നഷ്ടമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


എന്നാല്‍ രാഷ്ട്രിയ വിവാദം കുറിച്ച പദ്ധതി പുനരാരംഭിക്കാന്‍ ഇപ്പോഴത്തെ പഞ്ചായത്തു സമിതി തയ്യാറല്ല. ബൈപ്പാസിന്‍റെ പേരില്‍ പ്രചരണ പ്രസ്താവനകള്‍ നടത്തിയ രാഷ്ട്രിയക്കാരും ഉണരാത്ത ഉറക്കത്തിലാണ്.  കാഞ്ഞിരപ്പളളി ബൈപ്പാസും മിനി ബൈപ്പാസും വളരെ പ്രതീക്ഷയോടെയാണ് കാഞ്ഞിരപ്പളളിക്കാര്‍ കാത്തിരിക്കുന്നത്.Share this News Now:
  • Google+
Like(s): 3.7K