30 December, 2019 04:29:57 PM


'അന്ന് ശനിദശ, ഇന്ന് ശുക്രദശ': ഇത്രയും മിടുക്കനായ മുഖ്യമന്ത്രി വേറെയില്ല - വെള്ളാപ്പള്ളി



തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല പ്രശ്നത്തില്‍ എതിര്‍ ഭാഗത്തായിരുന്നവരെ ഇന്ന് ഒരുമിപ്പിച്ച് നിർത്താന്‍ പിണറായിക്ക് സാധിച്ചത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പേരൂര്‍ക്കട യൂണിയന്‍ ശാഖാ വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.


കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പിണറായി വിജയന്റെ ഭരണത്തെ എതിര്‍ത്ത് ജനങ്ങളും രാഷ്ട്രീയ എതിരാളികളും തെരുവിലിറങ്ങി. കഴിഞ്ഞ തവണ കലുഷിതമായ ശബരിമല തീര്‍ത്ഥാടന കാലമായിരുന്നെങ്കില്‍ ഇന്ന് ശാന്തിയും സമാധാനവും പുലര്‍ന്നിരിക്കുകയാണ്. പിണറായിക്ക് അന്ന് ശനിദശയായിരുന്നെങ്കില്‍ ഇന്ന് ശുക്രദശയാണ്. പിണറായിയെപ്പോലെ ഇത്രയും മിടുക്കനായ മുഖ്യമന്ത്രി വേറെയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


അന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവര്‍ ഇന്ന് പിണറായിയെ കെട്ടിപ്പിടിക്കുന്നു. അതേസമയം പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കാനും അദ്ദേഹത്തിനായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിര്‍പ്പിനെ തള്ളി യു.ഡി.എഫിലെ സമുന്നതരായ കക്ഷി നേതാക്കളെ എല്ലാവരെയും ഒരുമിച്ചു നിറുത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.




Share this News Now:
  • Google+
Like(s): 138