28 December, 2019 09:56:42 PM


'ഞങ്ങളുടെ കോണ്ടം 100 ശതമാനം വെജിറ്റേറിയന്‍'; ഗുണങ്ങള്‍ വിശദീകരിച്ച് ജര്‍മ്മന്‍ കമ്പനി



ബെര്‍ലിന്‍ : നൂറ് ശതമാനം വെജിറ്റേറിയൻ എന്ന വിശേഷണവുമായി കോണ്ടം പുറത്തിറക്കിയിരിക്കുകയാണ് ഒരു ജർമ്മൻ കമ്പനി. Einhorn എന്ന ബ്രാൻഡിൽ പുറത്തിറങ്ങിയ കോണ്ടമാണ് ശുദ്ധ വെജിറ്റേറിയനാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നത്. വെജിറ്റേറിയൻ കോണ്ടം എന്ന ആശയം ലഭിച്ചതിനെക്കുറിച്ച് കമ്പനി സ്ഥാപകരായ ഹിലിപ്പ് സൈലറും വാൽഡമർ സൈലറും വിശദീകരിക്കുന്നത് രസകരമായ ഒരു കഥയാണ്.


2015ൽ പുതിയ ഒരു സംരംഭം തുടങ്ങുന്നതിനുള്ള ക്രൌഡ് ഫണ്ടിംഗിന്‍റെ ഭാഗമായി ഒരു നിക്ഷേപകസംഗമത്തിൽ പങ്കെടുക്കവെയാണ് വെജിറ്റേറിയൻ കോണ്ടം എന്ന ആശയം ഇവർക്ക് ലഭിച്ചത്. സംഭാഷണത്തിനിടെ, നിങ്ങൾ വെജിറ്റേറിയൻ കോണ്ടം പുറത്തിറക്കുമോയെന്ന ഒരു പ്രതിനിധിയുടെ ചോദ്യമാണ് വഴിത്തിരിവായത്. ഈ ചോദ്യം ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും രണ്ടും കൽപ്പിച്ച് അതേയെന്ന് സൈലർ സഹോദരൻമാർ മറുപടി നൽകി. പിന്നീടാണ് ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അവർ പരിശോധിച്ചത്.


കോണ്ടം നിർമിക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സിന് മയം വരുത്താൻ മിക്ക കമ്പനികളും മൃഗക്കൊഴുപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോണ്ടം ഉപയോഗിക്കുന്ന ചിലരിലെങ്കിലും അലർജിയും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് വെജിറ്റേറിയൻ കോണ്ടം എന്ന ആശയം നിക്ഷേപസംഗമത്തിലെ പ്രതിനിധി ഉന്നയിച്ചതെന്ന് ഇരുവരും മനസിലാക്കി. തുടർന്ന് വെജിറ്റേറിയൻ കോണ്ടം നിർമിക്കുന്നതിനുള്ള പരീക്ഷണങ്ങളിലായി സൈലർ സഹോദരൻമാർ.


അങ്ങനെ പരീക്ഷണം വിജയം കണ്ടു. സാധാരണഗതിയിൽ കോണ്ടം നിർമിക്കുന്ന കമ്പനികൾ ലാറ്റക്സിന് മൃദുത്വം കിട്ടാൻ വേണ്ടി മൃഗക്കൊഴുപ്പിൽനിന്ന് വേർതിരിച്ചെടുക്കുന്ന കേസിൻ എന്ന പ്രോട്ടീൻ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ജർമനിയിൽ കണ്ടുവരുന്ന ചില ചെടികളുടെ ഇലകളിൽനിന്നും തണ്ടിൽനിന്നും വേർതിരിച്ചെടുക്കുന്ന സോഫ്റ്റനിങ് ഏജന്‍റ് ഉപയോഗിച്ച് കോണ്ടം നിർമിച്ചു. ഇതിന് കേസിൻ ഉപയോഗിച്ച് നിർമിക്കുന്ന കോണ്ടങ്ങളേക്കാൾ മൃദുത്വവും മയവും ഉണ്ടെന്ന് വ്യക്തമായി. ഏതായാലും സൈലർ സഹോദരൻമാർ നിർമിച്ച Einhorn എന്ന കോണ്ടം വളരെ വേഗം ഹിറ്റായി മാറി.


സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഈ കോണ്ടം ഏറെ ഉപകാരപ്രദമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ ചൊറിച്ചിലോ ഉണ്ടാകില്ലെന്നും ഇവർ വ്യക്തമാക്കുന്നു. പൊതുവെ വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവരിൽ Einhorn കോണ്ടത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജർമനിയിൽ ഏറ്റവും വലിയ രണ്ടാമത്തെ ഗർഭനിരോധന മാർഗമാണ് കോണ്ടം.


പനിക്കും മറ്റുമുള്ള ചില ഗുളികകൾ കഴിഞ്ഞാൽ ജര്‍മ്മനിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് കോണ്ടങ്ങളാണന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയിലും ഗ്ലൈഡ് എന്ന ബ്രാൻഡിൽ വെജിറ്റേറിയൻ കോണ്ടം ലഭ്യമാണത്രേ. Einhorn കോണ്ടം ആഗോളതലത്തിൽ തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സൈലർ സഹോദരൻമാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K