27 December, 2019 07:48:50 PM


ഏറ്റുമാനൂരില്‍ വീണ്ടും 'ബ്ലേഡ് കച്ചവടം': യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്ന് പരാതി




ഏറ്റുമാനൂർ : ബ്ലേഡ് മാഫിയാ കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച ഏറ്റുമാനൂര്‍ ഓപ്പറേഷന്‍ കുബേരയോടു കൂടി ഒന്ന് ഒതുങ്ങിയതാണ്. എന്നാല്‍ ഇപ്പോള്‍ പഴയതിലും സജീവമാകുന്നു ബ്ലേഡ് മാഫിയാ എന്നതിന്‍റെ തെളിവാണ് ഏതാനും ദിവസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം  കാറിലെത്തിയ യുവതിയടക്കമുള്ള സംഘം ഭീഷണിപ്പെടുത്തിയതായുള്ള പഴയ ബ്ലേഡ് മാഫിയാ പ്രവര്‍ത്തകന്‍റെ പരാതിയാണ് ഏറ്റവും ഒടുവിലത്തേത്.


തന്‍റെ കയ്യില്‍ നിന്നും പലിശയ്ക്ക് നല്‍കാനായി മേടിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെയാണത്രേ യുവതിയും സംഘവും ഭീഷണിയുമായി രംഗപ്രവേശം ചെയ്തത്. ഇവര്‍ ഭീഷണിപ്പെടുത്തുക മാത്രമല്ല, സോഷ്യൽ മീഡിയാ വഴി അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതായി ഏറ്റുമാനൂർ ചുക്കനാനിയിൽ ജഗൻ ഫിലിപ്പ് (38) ആണ് ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയത്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസും പറയുന്നു.


രണ്ടാഴ്ച മുൻപ് ജഗന് നേരെ ഒരു സംഘം അക്രമ അഴിച്ചുവിടുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇയാളെ പോലീസാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എം.സി.റോഡിൽ വിമലാ ഹോസ്പിറ്റലിനു സമീപമുള്ള പഴക്കടയിൽ എത്തി ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെയും സംഘം ഭീഷണിപ്പെടുത്തിയെന്നും തന്‍റെ കടയാണന്ന് സംശയിച്ചാണിതെന്നും ജഗന്‍റെ പരാതിയിലുണ്ട്. 



Share this News Now:
  • Google+
Like(s): 5.5K