27 December, 2019 06:57:28 PM


ഫോൺ വിളിച്ചപ്പോൾ എടുത്തില്ല; കാമുകിയുടെ തലയ്ക്ക് വെട്ടിയ യുവാവ് പിടിയിൽ



കൊട്ടാരക്കര: ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിന്‍റെ വിരോധത്തില്‍ കാമുകിയുടെ തലയ്ക്ക് വെട്ടിയ യുവാവ് പിടിയില്‍. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ കൊട്ടാരക്കര പ്ലാപ്പള്ളി നെച്ചിറച്ചരുവിള പുത്തന്‍വീട്ടില്‍ ജയൻ എന്നു വിളിക്കുന്ന ബിനു യോഹന്നാൻ (45) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന തൃക്കണ്ണമംഗല്‍ കാലായിക്കുന്ന് സ്വദേശിനി യുവതിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഒരാഴ്ച മുന്‍പ് ഫോണ്‍ വിളിച്ചിട്ടും യുവതി എടുക്കാന്‍ കൂട്ടാക്കാതെ വന്നതോടെ വീട്ടിലെത്തിയ ബിനു യോഹന്നാന്‍ അടുക്കളയില്‍ കടന്ന് കൊടുവാളെടുത്ത് യുവതിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. തുടര്‍ന്ന് ബിനു ഒളിവില്‍ പോയി. കുറ്റകരമായ നരഹത്യാശ്രമത്തിന് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോക്കാടുള്ള രഹസ്യ താവളത്തില്‍ നിന്ന് ബുധനാഴ്ച ബിനുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍പ് പല അടിപിടി കേസുകളിലും ബിനു പ്രതിയായിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K