27 December, 2019 12:03:35 PM


തിരുവഞ്ചൂർ രാധാകൃഷ്ണന് 70; ആഘോഷങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് കോട്ടയത്തിന്‍റെ നേതാവ്



കോട്ടയം: രാഷ്ട്രീയത്തിൽ വിജയകരമായ അടവുകൾ പയറ്റി മുന്നോട്ടു പോകുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്‍റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത് വളരെ ലഘുവായി. അതും മാധ്യമപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി. വ്യാഴാഴ്ചയായിരുന്നു തിരുവഞ്ചൂരിന് 70 വയസ് തികഞ്ഞത്. വിവിധ പരിപാടികളുമായി മണ്ഡലത്തിലൂടെ കറങ്ങുന്നതിനിടെ കോട്ടയം പ്രസ് ക്ലബ്ബില്‍ എത്തിയപ്പോഴാണ് നിനച്ചിരിക്കാതെ പിറന്നാള്‍ ആഘോഷിക്കേണ്ടി വന്നത്.


ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന്  വഴങ്ങി കേക്ക് മുറിച്ചു. വീട്ടിൽ പോലും പതിവില്ലാത്ത ഒന്നായിരുന്നു ഇതെന്നായിരുന്നു നേതാവിന്‍റെ പക്ഷം. 1949 ഡിസംബർ 26ന് കോട്ടയം നഗരത്തിന് സമീപമുള്ള തിരുവഞ്ചൂരിൽ ആണ് ജനനം. കെഎസ്‌യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക്  ചുവടുവച്ചു. 1967 കെഎസ്‌യു സംസ്ഥാന അധ്യക്ഷനും പിന്നീട് 78ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായി. ആറു തവണ എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലു തവണയും വിജയിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തിൽനിന്ന്.


ഓരോ തവണയും ഭൂരിപക്ഷം കൂടിയായിരുന്നു  തിരുവഞ്ചൂരിന്‍റെ വിജയം. കോട്ടയത്ത് എത്തിയപ്പോഴും സ്ഥിതി മാറിയില്ല. 2011ൽ വി എൻ വാസവനോട് കഷ്ടിച്ച് ജയിച്ച തിരുവഞ്ചൂർ 2016 ആയപ്പോൾ അപ്പോൾ ഭൂരിപക്ഷം 33632 ആക്കി. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയായി ഉൾപ്പടെ പ്രവർത്തിച്ച തിരുവഞ്ചൂർ  70 പിന്നിടുമ്പോഴും ചുറുചുറുക്കോടെ രാഷ്ട്രീയ രംഗത്ത് കൂടുതൽ ഊർജസ്വലനാകുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K