26 December, 2019 05:59:48 PM


കരിമ്പുഴ വന്യജീവി സങ്കേതം യാഥാര്‍ത്ഥ്യമായി: ചോലനായ്ക്കര്‍ കോളനി ഒഴിവാക്കി



മലപ്പുറം: സംസ്ഥാനത്ത് പുതിയ ഒരു വന്യജീവി സങ്കേതം കൂടി. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം സംരക്ഷിതവനവും വടക്കേകോട്ട മലവാരം നിക്ഷിപ്തവനവും അടങ്ങുന്ന നീലഗിരി ബയോസ്ഫിയറിലെ  227.97 ച കി മീ ഭൂഭാഗമാണ് കരിമ്പുഴ വന്യസങ്കേതമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. എന്നാല്‍ ഏഷ്യയിലെ അതി പുരാതന ഗോത്രവര്‍ഗമായ ചോലനായ്ക്കര്‍ താമസിക്കുന്ന മാഞ്ചീരി കോളനി വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കി.


ന്യൂ അമരമ്പലം സംരക്ഷിതവനത്തിന്റെ ഉള്‍ഭാഗത്തുള്ള 2.50 ഹെക്ടര്‍ ഭൂമിയാണ് വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കിയത്. ഇവിടെ പട്ടികവര്‍ഗ ഗോത്രവര്‍ഗങ്ങള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കുമുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങള്‍ അനുസരിച്ചുള്ള അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് ചോലനായ്ക്കര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. കരിമ്പുഴ വന്യജീവി സങ്കേതം യാഥാര്‍ത്ഥ്യമായതോടെ കേരളത്തില്‍ 18 വന്യജീവി സങ്കേതങ്ങളായി.


നിലമ്പൂര്‍ താലൂക്കിലെ കരുളായി, മൂത്തേടം, അമരമ്പലം താലൂക്കുകളിലായി വരുന്ന ഈ വനപ്രദേശം പശ്ചിമഘട്ടത്തില്‍ പ്രത്യേകമായി കാണുന്ന 226 ഇനം പക്ഷികള്‍ക്കും 23 ഇനം ഉഭയ ജീവികള്‍ക്കും 33 ഇനം ഉരഗങ്ങള്‍ക്കും 41 ഇനം സസ്തനികള്‍ക്കും വിവിധ തരത്തിലുള്ള ചിത്രശലഭങ്ങള്‍ക്കും ചെറു ജീവികള്‍ക്കുമുള്ള ആവാസകേന്ദ്രമാണ്. മടക്ക് പര്‍വ്വതങ്ങളും അഗാധ താഴ്‌വരകളും പരുക്കന്‍ ഭൂപ്രദേശവും തെന്നിന്ത്യയിലെ പ്രധാന സസ്യജാലങ്ങളുടെ മേളനത്തിന് പര്യാപ്തമാക്കുന്ന ഒന്നാണ്. താഴ് വരയില്‍ നിന്ന് ഉയരത്തിലേക്ക് 40 മീറ്ററില്‍ നിന്ന് 2554 മീറ്ററിലേക്കുള്ള ഈ പ്രദേശത്തിന്റെ കുത്തനെയുള്ള ചെരിവ് പക്ഷിമൃഗാദികള്‍ക്ക് വാസസ്ഥലമാക്കാന്‍ പര്യാപ്തമായ  പ്രത്യേകതയാണ്.


ഈ പ്രദേശത്തിന്റെ ഭൗമോപരിതലത്തിന്റെ പ്രത്യേകതയും അപൂര്‍വ്വസസ്യജന്തുജാലങ്ങളുടെ സാന്നിധ്യവും സംബന്ധിച്ച് നടന്ന ഒട്ടേറെ പഠനങ്ങള്‍ ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം വെളിപ്പെടുത്തുന്നവയും അതിന്റെ ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവയുമായിരുന്നു. മാഞ്ചീരി കോളനിക്കു പുറമേ ന്യൂ അമരമ്പലം ഫോറസ്റ്റിലെ തേക്ക് തോട്ടങ്ങളെയും വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K