26 December, 2019 12:18:04 AM


നൂറ്റാണ്ടിലെ ആകാശ വിസ്മയം ഇന്ന്; വലയ സൂര്യഗ്രഹണം വീക്ഷിക്കുന്നവർ കണ്ണുകൾ സൂക്ഷിക്കുക



കോഴിക്കോട്: നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം ഇന്ന്. രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഇതു സംഭവിക്കുക. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും വലയ സൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും.


കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 - 93 ശതമാനം മറയും. ഭാരതത്തില്‍ ഇത് ആദ്യം ദൃശ്യമാവുക കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ്. സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ശാസ്ത്രം പറയുന്നു. ഈ മാറ്റങ്ങള്‍ ജ്യോതിഷപരമായും ഓരോ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു.


സൂര്യഗ്രഹണം വീക്ഷിക്കുന്നവർ കരുതിയിരിക്കുക

നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കണ്ടാല്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നേരിട്ട് കണ്ണിനുള്ളില്‍ പതിക്കും. ഇത് കണ്ണിന്റെ റെറ്റിനയില്‍ പൊള്ളലോ ചെറിയ ദ്വാരമോ വലിയ ദ്വാരമോ ഉണ്ടാക്കും. അതോടെ കാഴ്ച ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടും. ഇത് ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അങ്ങേയറ്റം കരുതലോടെ മാത്രമേ സൂര്യഗ്രഹണം കാണാവൂ.


സാധാരണ സമയങ്ങളില്‍ സൂര്യനെ നേരിട്ട് നോക്കുന്നതുതന്നെ അപകടമാണ്. പക്ഷേ പ്രകാശത്തിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ കണ്ണ് ചുളിക്കുകയോ ഇറുക്കിയടക്കുകയോ ചെയ്യുന്നതുകൊണ്ട് കൃഷ്ണമണി ചുരുങ്ങി റെറ്റിനയിലേക്ക് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കടക്കാതെ സംരക്ഷിക്കും. ഗ്രഹണസമയത്ത് സൂര്യന്റെ പ്രകാശം കുറഞ്ഞിരിക്കുന്നതിനാല്‍ കണ്ണിന്റെ മുന്‍ഭാഗത്തുള്ള ഈ രക്ഷാകവചം പ്രവര്‍ത്തിക്കില്ല. കണ്ണ് വികസിച്ചുതന്നെയിരിക്കും. ഈ സമയത്ത് യു.വി. കിരണങ്ങള്‍ക്ക് നേരിട്ട് കണ്ണില്‍ പ്രവേശിക്കാനും തകരാറുണ്ടാക്കാനും കഴിയും.


സൗരകണ്ണടകള്‍ ഉപയോഗിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ഇതിലുള്ള സോളര്‍ ഫില്‍റ്ററുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടയും. വിശ്വാസ്യതയുള്ള ഗുണനിലവാരമുള്ള സൗരക്കണ്ണടകള്‍ തന്നെ ഉപയോഗിക്കണം. അത്തരം കണ്ണടകളില്‍ ഐഎസ്ഒ–12312–2 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. പോറലുകള്‍ ഇല്ലാത്ത ഫില്‍റ്ററുകള്‍ നോക്കി വാങ്ങണം.


സൂര്യനില്‍ നിന്ന് മുഖം തിരിച്ചശേഷമേ കണ്ണട വയ്ക്കുകയും എടുക്കുകയും ചെയ്യാവൂ. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് കൗതുകം കൂടുതലായതുകൊണ്ട് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ സൂര്യനെ നോക്കാന്‍ ചിലപ്പോള്‍ ശ്രമിച്ചേക്കും. സണ്‍ഗ്ലാസ്, ബൈനോക്കുലര്‍, ടെലിസ്കോപ്, മൊബൈല്‍ ക്യാമറ തുടങ്ങിയവയിലൂടെയൊന്നും സൂര്യഗ്രഹണം നേരിട്ട് കാണാന്‍ ശ്രമിക്കരുത്. ഇവയുടെ ലെന്‍സിന് മുന്നില്‍ സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അത് ഉപയോഗിക്കാവൂ. ഇല്ലാത്തപക്ഷം കൂടുതല്‍ തകരാറുണ്ടാകും. എക്സ്റേ ഫിലിം ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. 


ഈ മുന്നറിയിപ്പെല്ലാം മറികടന്ന് സൂര്യനെ നോക്കാന്‍ ശ്രമിക്കുന്നവരുടെ കണ്ണിന് ഉറപ്പായും തകരാറുണ്ടാകും. പക്ഷേ വേദന അനുഭവപ്പെടില്ല. ഉടന്‍ അസ്വസ്ഥതകളും ഉണ്ടാവില്ല. അല്‍പനേരത്തിനുശേഷം കാഴ്ചയുടെ മധ്യത്തിലോ മുഴുവനായോ മറയുന്ന സ്ഥിതി വരാം. ഉടന്‍ തന്നെ കണ്ണുരോഗവിദഗ്ധനെ കാണണം. സ്ഥിരമായ തകരാറിനുള്ള സാധ്യതയാണ് കൂടുതല്‍ എന്നതിനാല്‍ സുരക്ഷിതമായിത്തന്നെ സൂര്യഗ്രഹണം ആസ്വദിക്കുക. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K