25 December, 2019 12:10:04 PM


സമൻസിൽ ഹാജരാകേണ്ട തീയതി ഇല്ല; ശശി തരൂരിനെതിരായ അറസ്റ്റ് വാറണ്ട് സ്വമേധയാ പിൻവലിച്ച് കോടതി



തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ ശശി തരൂര്‍ എംപിക്കെതിരായ വാറണ്ട് കോടതി സ്വമേധയാ പിന്‍വലിച്ചു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍' എന്ന പുസ്തകത്തിൽ നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ഹര്‍ജിയില്‍ ഹാജരായില്ലെന്നു കാട്ടിയാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍, കോടതി നല്‍കിയ സമന്‍സില്‍ ഹാജരാകേണ്ട തീയതി രേഖപ്പെടുത്തിയിരുന്നില്ലെന്നു പകര്‍പ്പു സഹിതം തരൂര്‍ കോടതിയെ അറിയിച്ചതോടെയാണു വാറണ്ട് പിന്‍വലിച്ചത്.


കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ശശി തരൂര്‍ ഹാജരായില്ല. ഇതേത്തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തരൂര്‍ 30 വര്‍ഷം മുന്‍പ് എഴുതിയ നോവലില്‍ നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകയായ അഭിഭാഷകയാണു പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് സമയത്തു കോടതിയെ സമീപിച്ചത്.



Share this News Now:
  • Google+
Like(s): 123