24 December, 2019 08:04:32 PM


മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ ജനുവരി 11ന് രാവിലെ പൊളിച്ചു തുടങ്ങും; പ്രാഥമിക ജോലികൾ ആരംഭിച്ചു





കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമമായി. ജനുവരി 11ന് രാവിലെ 11ന് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് പൊളിക്കും. അന്ന് തന്നെ പതിനൊന്നരയ്ക്ക് ആല്‍ഫ സെറിന്‍ ഫ്‌ളാറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പന്ത്രണ്ടാം തീയതി പതിനൊന്ന് മണിക്ക് ജയില്‍ ഹൗസിങ് ഫ്‌ളാറ്റും അന്ന് തന്നെ രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും പൊളിക്കാന്‍ തീരുമാനിച്ചു.


ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ ദ്വാരമിടുന്ന ജോലി പുരോഗമിക്കുകയാണ്. എച്ച്2ഒ ഹോളിഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ളാറ്റുകളില്‍ 26നും ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റില്‍ 28നും സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. വിവിധ നിലകളിലെ തൂണുകളിലും ചിലയിടങ്ങളില്‍ ചുമരുകളിലുമാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്.


32 മില്ലിമീറ്റര്‍ വ്യാസവും 850-900 മില്ലിമീറ്റര്‍ ആഴവുമുള്ളതാണ് ദ്വാരങ്ങള്‍. ദ്വാരത്തിന്റെ ഭാഗം ഒഴിച്ചിട്ട ശേഷം തൂണുകള്‍ ചെയിന്‍ ലിങ്കുകളും ജിയോ ടെക്‌സ്‌റ്റെല്‍ ഷീറ്റുകളും ഉപയോഗിച്ച് പൊതിയും. അവശിഷ്ടങ്ങള്‍ ദൂരേയ്ക്ക് തെറിക്കാതിരിക്കാനാണ് ഈ നടപടി. അധികൃതരുടെ അനുമതി ലഭിക്കുന്നതിനനുസരിച്ച് ജനുവരി 3,4 തീയതികളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ തുടങ്ങും.


പ്രമുഖ സ്‌ഫോടക വസ്തു നിര്‍മ്മാതാക്കളായ സോളര്‍ ഗ്രൂപ്പിനാണ് സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. നാഗ്പൂരില്‍ നിന്ന് കൊണ്ടുവരുന്ന സ്‌ഫോടക വസ്തുക്കള്‍ അങ്കമാലിയിലെ സംഭരണശാലയില്‍ സൂക്ഷിക്കും. ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം മാത്രമേ ഇവ മരടില്‍ എത്തിക്കൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K