23 December, 2019 11:42:55 PM


സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പത്താം തരം പരീക്ഷ എഴുതാനെത്തിയത് ആറ് ദമ്പതികള്‍



കോട്ടയം : ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തികരിക്കുന്നതിന് സാബിര്‍, നദീറ ദമ്പതികള്‍ പത്താംതരം പരീക്ഷയെഴുതാന്‍ എത്തി. സാക്ഷരതാമിഷന്‍റെ പത്താംതരം തുല്യതാ പരീക്ഷ എഴുതാനാണ് സാബിറും നദീറയും ഉള്‍പ്പെടെ ആറ് ദമ്പതികളാണ് കോട്ടയം ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്തിയത്.


കോട്ടയം കുമ്മനം മാടപ്പള്ളി പുത്തന്‍പുര വീട്ടില്‍ സാബിറും ഭാര്യ നദീറയും വിദ്യാഭ്യാസ കാലഘട്ടത്തില്‍ പത്താം ക്ലാസ് വരെ പഠിച്ചവരായിരുന്നു. പത്താം ക്ലാസ് വിജയിക്കണമെന്ന മോഹമാണ് ഇരുവരെയും സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ ക്ലാസില്‍ എത്തിച്ചത്. ഇവരുടെ രണ്ട് മക്കളും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 


തപാല്‍ വകുപ്പിലും എസ്.ബി.ഐയിലും ജോലി ചെയ്യുന്ന കോട്ടയം കളക്‌ട്രേറ്റിന് സമീപം ലക്ഷ്മിഭവനില്‍ അയ്യപ്പന്‍, തങ്കം ദമ്ബതികളും പത്താംതരം പരീക്ഷ എഴുതാനെത്തി. ഇവര്‍ക്ക് ബിരുദങ്ങള്‍ നേടിയ മൂന്ന് മക്കളുണ്ട്. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയിരുന്ന പള്ളം പാക്കില്‍ മുണ്ടയ്ക്കാട് ഐസണ്‍ ജേക്കബും ഭാര്യ രാജിമോളും, ചെങ്ങളം കളരിത്തറ വീട്ടില്‍ ഷാനൂഹും ഭാര്യ ഹസീതയും, ചിങ്ങവനം മുളയ്ക്കാഞ്ചിറ പുതുവയല്‍ വീട്ടില്‍ കെ.സുരേഷും ഭാര്യ രാജിയും, അയ്മനം പുത്തന്‍പുരയില്‍ അജിലാലും ഭാര്യ സിജിമോളും പത്താംതരം തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചതിന് ശേഷം പരീക്ഷ എഴുതാനെത്തിയ ദമ്പതികളില്‍ ഉള്‍പ്പെടുന്നു.


ജില്ലയിലെ 11 സെന്‍ററുകളിലായി 565 പേര്‍ പത്താംതരം പരീക്ഷയെഴുതി. ഇവരില്‍ 301 സ്ത്രീകളും 264 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 31 ന് പരീക്ഷ അവസാസിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയെഴുതാന്‍ 399 പേര്‍ എത്തി. 235 സ്ത്രീകളും 164 പുരുഷന്മാരും പരീക്ഷക്ക് എത്തി. പരീക്ഷ 29 ന് അവസാനിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K