23 December, 2019 03:20:33 AM


ഇംഗ്ലണ്ടിന്‌ ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത മാര്‍ട്ടിന്‍ പീറ്റേഴ്‌സ് അന്തരിച്ചു



ലണ്ടന്‍: ഇംഗ്ലണ്ടിന്‌ ഫുട്‌ബോള്‍ ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത മാര്‍ട്ടിന്‍ പീറ്റേഴ്‌സ് (76) അന്തരിച്ചു. ദീര്‍ഘനാളായി മറവി രോഗത്തിനു ചികിത്സയിലായിരുന്നു. 1966 ലോകകപ്പിലെ ഫൈനലില്‍ പീറ്റേഴ്‌സ് ഇംഗ്ലണ്ടിനു വേണ്ടി ഗോളടിച്ചു. മരണ വാര്‍ത്ത അദ്ദേഹം ദീര്‍ഘനാള്‍ കളിച്ചിരുന്ന വെസ്‌റ്റ്ഹാം യുണൈറ്റഡാണ്‌ ഔദ്യോഗികമായി പുറത്തുവിട്ടത്‌. ലോകകപ്പ്‌ നേടിയ ടീമിലെ അഞ്ച്‌ താരങ്ങള്‍ ഇതോടെ ഓര്‍മയായി. അന്നത്തെ നായകന്‍ ബോബി മൂര്‍, അലന്‍ ബാള്‍, റേയ്‌ വില്‍സണ്‍, ഗോര്‍ഡന്‍ ബാങ്ക്‌സ് എന്നിവരാണു പീറ്റേഴ്‌സിനു മുമ്പ്‌ വിട പറഞ്ഞത്‌.


15-ാം വയസില്‍ വെസ്‌റ്റ്ഹാം യുണൈറ്റഡിന്റെ ഭാഗമായ പീറ്റേഴ്‌സ് 1962 ല്‍ അരങ്ങേറ്റം കുറിച്ചു. വെസ്‌റ്റ്ഹാം 1965 ലെ ക്ലബ്‌ വിന്നേഴ്‌സ് കപ്പ്‌ കിരീടം നേടുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചു. ''കാലത്തിന്‌ 10 വര്‍ഷം മുമ്പ്‌ ജനിച്ചയാള്‍'' എന്നാണ്‌ ഇംഗ്ലണ്ട്‌ കോച്ചായിരുന്ന ആല്‍ഫ്‌ റാംസെ മാര്‍ട്ടിന്‍ പീറ്റേഴ്‌സിനെ വിശേഷിപ്പിച്ചത്‌. ഇംഗ്ലണ്ടിനു വേണ്ടി 70 മത്സരങ്ങള്‍ കളിച്ചു. വെസ്‌റ്റ് ഹാമിനു വേണ്ടി 364 കളികളില്‍നിന്നു 100 ഗോളുകളടിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K