20 December, 2019 06:44:43 PM


മംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം: കോട്ടയം ജില്ലയിലും പ്രതിഷേധം



കോട്ടയം: മംഗളുരുവിൽ മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധം ഉയര്‍ന്നു.  കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്ക്കുക, രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഏറ്റുമാനൂർ - ഗാന്ധിനഗർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധയോഗം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.


ഗാന്ധിനഗര്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി നടന്ന ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്‍റ് കെ ജി ഹരിദാസ്, സെക്രട്ടറി പി.ഷൺമുഖൻ, സംസ്ഥാന സമിതിയംഗം ഷൈജു തെക്കുംചേരി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു കുടിലിൽ, ജിതേഷ് വിശ്വനാഥ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ജോസ് കാണക്കാരി, എൻ.വി പ്രസേനൻ, വി.എ ബേബി എന്നിവർ പങ്കെടുത്തു.


പൊൻകുന്നം: മംഗലാപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങൾക്കും സ്വതന്ത്ര മാധ്യമ പ്രവർത്തനം നിഷേധിക്കുന്നതിനും എതിരെ കേരളാ ജേണലിസ്റ്റ് യൂനിയൻ പൊൻകുന്നം യൂനിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് എസ്.ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മോഹൻ പുതുപ്പിള്ളാട്ട്, സുജേഷ് റ്റി.എസ്, രാജൻ പാലാഴി, ശരൺ ചന്ദ്രൻ, പി.ആർ.പ്രസാദ്, ആർ.വിഷ്ണു, വി.എം.പ്രശാന്ത്, റ്റി.എ.ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.


സമാധാനപരമായി ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും അതിനെതിരെയുള്ള നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കര്‍, ജനറല്‍ സെക്രട്ടരി മധു കടുത്തുരുത്തി എന്നിവര്‍ പ്രസ്താവിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K