19 December, 2019 11:02:34 PM


സുരക്ഷാപ്രശ്നങ്ങള്‍ നേരിടാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പൊതുവേദി വേണം - ഡോ.പി.വി.റാവു



കോട്ടയം : ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിവിധ സുരക്ഷാ പ്രശ്നങ്ങള്‍ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി പൊതുവേദി രൂപപ്പെടേണ്ടതുണ്ടെന്ന് ജി.സി.എമിരറ്റസ്പ്രൊഫസറും ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസ് മുന്‍ ഡയറക്ടറുമായ ഡോ.പി.വി.റാവു. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് പൊളിറ്റിക്‌സും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കണ്ടംപററി ചൈനീസ് സ്റ്റഡീസും 'ദക്ഷിണേഷ്യ ഭീകരവാദത്തിനപ്പുറം; സമാധാനം, വികസനം, മനുഷ്യസുരക്ഷ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി സാര്‍ക് പോലുള്ള പ്രാദേശികസഹകരണത്തിനുള്ള സംഘടനയുണ്ടെങ്കിലും ഭീകരവാദമടക്കമുള്ള സുരക്ഷാപ്രശ്നങ്ങള്‍ ഒരുമിച്ച് നേരിടാന്‍ ദക്ഷിണേഷ്യയില്‍ പൊതുവേദിയില്ല. സംയുക്ത സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൊതുവേദി രൂപപ്പെടുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ എല്ലാ രാജ്യങ്ങളിലും പ്രവചനാതീതമായ സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഓഖി പോലുള്ള പ്രകൃതിദുരന്തങ്ങളും ആഗോളതാപനം മൂലം സമുദ്രജലനിരപ്പുയരുന്നതും വിവിധ രാജ്യങ്ങളുടെ തീരമേഖലയില്‍ സുരക്ഷാവെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ പ്രാദേശിക സഹകരണവേദി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.


സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് സെമിനാര്‍ ഹാളില്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രോ വൈസ്ചാന്‍സലര്‍ പ്രൊഫ.സി.റ്റി.അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ.കെ.എന്‍.കൃഷ്ണന്‍, കേരള പോലീസ് അക്കാദമി ഡി.ഐ.ജി.അനൂപ് കുരുവിള ജോണ്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ.ഡിംപി ദിവാകരന്‍, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്  ആന്‍റ് പൊളിറ്റിക്‌സ് ഡയറക്ടര്‍ ഡോ.സി.വിനോദന്‍, ആര്‍.മാധുരി എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K