18 December, 2019 08:23:02 AM


ദേശീയ പാര്‍ട്ടിയുടെ ഓഫീസ് നിര്‍മാണം: മണല്‍ കടത്തിക്കൊടുത്തത് പോലീസ്; രണ്ടു സ്റ്റേഷനുകളില്‍ റെയ്ഡ്



തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് മന്ദിരം നിര്‍മാണത്തിനായി മണല്‍ കടത്താന്‍ പോലീസുകാര്‍ കൂട്ടുനിന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്. തമ്പാനൂര്‍, കരമന സ്‌റ്റേഷനുകളില്‍നിന്നു ചില രേഖകള്‍ പിടിച്ചെടുത്തു. ചില പോലീസ് ഉദ്യോഗസ്ഥരുടെ മൊെബെല്‍ ഫോണിലെ കോള്‍ ലിസ്റ്റ് പരിശോധിച്ചതിനു ശേഷമായിരുന്നു റെയ്ഡ്.


സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം പിടിച്ചെടുത്ത ലോറികളുടെ എണ്ണവും സമയവും അവ കോടതിയില്‍ ഹാജരാക്കിയ സമയവും പരിശോധിച്ചു. കരമന സി.ഐ.പി.ഷാജിമോന്‍റെ നേതൃത്വത്തില്‍ 15ഓളം ലോറികള്‍ ഒരു മാസത്തിനുള്ളില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഒരു എസ്.ഐ. നേതൃത്വം നല്‍കുന്ന സംഘമാണു പാര്‍ട്ടിക്കായി മണല്‍ കടത്താന്‍ കൂട്ടു നിന്നതെന്നാണു വിജിലന്‍സിനു ലഭിച്ച വിവരം.


ഫോര്‍ട്ട് എ.സി.പി. പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡിന്‍റെ കണ്ണു വെട്ടിച്ചാണു പോലീസുകാര്‍ മണല്‍ എത്തിച്ചുകൊടുത്തത്. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നുവെന്ന് നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്തെ അമ്പതിലധികം പോലീസ് സ്‌റ്റേഷനുകളില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങള്‍ അട്ടിമറിക്കാനായി ഇവര്‍ വന്‍തുക കോഴ വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനുകളെ നിര്‍ണയിച്ചപ്പോള്‍ കേരളം പിന്തള്ളപ്പെട്ടത് ഒരു വിഭാഗം എസ്.എച്ച്.ഒമാരുടെ നിസഹകരണം മൂലമാണെന്നാണു വിലയിരുത്തല്‍. സ്‌റ്റേഷനുകള്‍ സ്മാര്‍ട്ടാക്കാനായി കോടികള്‍ ചെലവിടുകയും പുതിയ വാഹനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടും ക്രമസമാധന പാലനരംഗത്തെ പ്രവര്‍ത്തനം മെച്ചപ്പെട്ടില്ല. സീനിയര്‍ ഓഫീസര്‍മാരടക്കം താക്കോല്‍ സ്ഥാനങ്ങള്‍ തരപ്പെടുത്താനുളള നെട്ടോട്ടത്തിലാണ്.


ഈ പശ്ചാത്തലത്തില്‍, എല്ലാ എസ്.എച്ച്.ഒമാരും സ്‌റ്റേഷന്‍ റൈറ്റര്‍മാരും ജനുവരി നാലിന് തൃശൂര്‍ പോലീസ് അക്കാഡമിയിലെത്താന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി. മനോജ് ഏബ്രഹാം നിര്‍ദേശിച്ചു. സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള അഭിപ്രായങ്ങള്‍ അറിയിക്കണം. യോഗത്തിനെത്താത്ത സി.ഐമാര്‍ക്കെതിരേ നടപടി വന്നേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K