15 December, 2019 06:09:07 PM


രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് സവര്‍ക്കറുടെ ചെറുമകന്‍



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍. 'റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്' എന്ന രാഹുലിന്‍റെ പരാമര്‍ശത്തിന് എതിരെയാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുടെ തത്വശാസ്ത്രത്തിന്‍റെ നട്ടെല്ല് ഹിന്ദുത്വമാണ്. അതിനാല്‍ രാഹുലിനെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ധവിനോട് ആവശ്യപ്പെടുമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ശിവസേന തയ്യറാകണം. കോണ്‍ഗ്രസ് മന്ത്രിമാരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ ഭരിച്ചാലും ബിജെപി മഹാരാഷ്ട്രയിലെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കിടെയാണ് സവര്‍ക്കര്‍ക്കതിരായ പരാമര്‍ശം രാഹുല്‍ നടത്തിയത്. തൊട്ടുപിന്നാലെതന്നെ രാഹുലിന്‍റെ പരാമര്‍ശം കുടുംബത്തെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് രഞ്ജിത്ത് സവര്‍ക്കര്‍ രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് അനുകൂലി ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K