14 December, 2019 12:55:07 PM


ഭാര്യ എത്തിയാല്‍ താഴെ ഇറങ്ങാം ; വൈദ്യുത തൂണില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി



പത്തനംതിട്ട : വൈദ്യുത തൂണില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന യുവാവിനെ താഴെയിറക്കി. വലഞ്ചുഴി സ്വദേശി റിയാസാണ് (30) ഇന്നലെ വൈകിട്ട് 4 മുതല്‍ അഞ്ചര വരെ നാട്ടുകരെയും അഗ്നിശമനസേനയേയും ഭയപ്പെടുത്തിയത്.


നാട്ടുകാരില്‍ ചിലരാണ് ഇയാള്‍ വൈദ്യുത തൂണില്‍ കയറുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലും വൈദ്യുതി വകുപ്പ് ഓഫിസിലും വിവരം അറിയിച്ചു. ചിലര്‍ പെട്ടെന്നു തന്നെ ഇവിടേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് അപകടം ഒഴിവായെങ്കിലും ഇയാള്‍ വൈദ്യുത തൂണിനു മുകളില്‍ ഇരിപ്പുറപ്പിച്ചു. ഇവിടെ നിന്നു ചാടി മരിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച ഇയാള്‍ തടിച്ചു കൂടിയ നാട്ടുകാരോട് ഭാര്യ സ്ഥലത്ത് എത്തിയാല്‍ താഴേക്ക് ഇറങ്ങാമെന്നു പറഞ്ഞു.


പ്രദേശവാസികളിലാരോ ഭാര്യയെ വാടകവീട്ടില്‍ നിന്നു കൂട്ടിവന്നു. ഇവര്‍ എത്തിയതോടെ അരിശം മുഴുവന്‍ ഭാര്യയുടെ നേര്‍ക്കായി. ചാടി മരിക്കുമെന്ന വാക്കുകള്‍ കേട്ടതോടെ അവര്‍ മയങ്ങി വീണു. അവരെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ ആരോ വിവരം അറിയിച്ചതനുസരിച്ച് അഗ്നിശമനസേന സ്ഥലത്ത് എത്തി. വൈദ്യുത തൂണില്‍ ആരോ കയറാന്‍ തുടങ്ങിയപ്പോള്‍ റിയാസ് വൈദ്യുത കമ്പികളില്‍ തൂങ്ങി അകലേക്കു മാറാന്‍ ഒരുങ്ങി. അഗ്നിശമസേന തങ്ങളുടെ വല നിവര്‍ത്തി. ഇതിനെ തുടര്‍ന്ന് മുകളിലേക്കു കയറിയ യുവാക്കള്‍ ഇയാളെ വലിച്ചു താഴേക്കു വലിച്ചിടുകയായിരുന്നു. ഇയാളെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K