10 December, 2019 03:20:30 PM


ആളൂരിനെ വീണ്ടും പിടിച്ചു; അഭിഭാഷകന്‍റെ കാര്യത്തില്‍ മലക്കം മറഞ്ഞ് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി



താമരശ്ശേരി: അഭിഭാഷകന്‍റെ കാര്യത്തില്‍ മലക്കം മറഞ്ഞ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി എ ആളൂരിനെ കൂടത്തായി കൊലപാതക പരമ്പരയിലെ നാലു കേസുകളില്‍ക്കൂടി വക്കാലത്ത് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള അപേക്ഷ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ജോളി നല്‍കി.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായതും ആളൂരായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വധശിക്ഷയില്‍ നിന്നും ഈസിയായി ഒഴിവാക്കുന്ന ആളൂര്‍ വക്കീല്‍ തന്‍റെ കേസ് വാദിച്ചാല്‍ ശിക്ഷയില്‍ ഇളവുണ്ടായേക്കുമെന്ന വിചാരമാകാം ഒരുപക്ഷെ ജോളിയെ തന്‍റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആളൂര്‍ വക്കീല്‍ തന്നെ മതി എന്ന ചിന്തയിലേക്ക് എത്തിച്ചത്. അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ വധക്കേസുകളില്‍ തന്‍റെ നിലവിലുള്ള അഭിഭാഷകനെ മാറ്റിനിയമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജോളിയുടെ കത്ത്.

നേരത്തേ ഏറ്റെടുത്ത റോയ് തോമസ് കേസിനു പുറമേ പ്രസ്തുത കേസുകളും ആളൂര്‍ അസോസിയേറ്റ്‌സിന് വക്കാലത്ത് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ളതാണ് കത്ത്. വെള്ളിയാഴ്ച രാവിലെ ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് ജോളി ഒപ്പു രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജോളി സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജയില്‍ സൂപ്രണ്ട് വി ജയകുമാര്‍ സാക്ഷ്യപ്പെടുത്തിയത്. തുടര്‍ന്ന് തപാല്‍ മാര്‍ഗം കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകള്‍ പരിഗണിക്കുന്ന താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ജയില്‍ അധികൃതര്‍ തിങ്കളാഴ്ച തന്നെ അയക്കുകയായിരുന്നു.

അപേക്ഷ ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന് കൈമാറിയെങ്കിലും അതിനകംതന്നെ അദ്ദേഹത്തിന് ജില്ലാ ജയിലില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചിരുന്നതിനാല്‍ കത്ത് സാക്ഷ്യപ്പെടുത്തിയില്ല. തുടര്‍ന്ന് പുതുതായി ചുമതലയേറ്റെടുത്ത ജയില്‍ സൂപ്രണ്ട് ജയകുമാര്‍ ജില്ലാ ജയില്‍ ഓഫീസില്‍ എത്തിയശേഷമാണ് ജോളിയുടെ കത്ത് സാക്ഷ്യപ്പെടുത്തി കോടതിയിലേക്ക് അയച്ചത്.

റോയ് വധക്കേസില്‍ ആളൂര്‍ അസോസിയേറ്റ്‌സ് ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തതിനെ താമരശ്ശേരി ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ കോടതിയില്‍ ചോദ്യംചെയ്തിരുന്നു. സൗജന്യ നിയമസഹായ വേദിയുടെ അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടുവിച്ചെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

സൗജന്യ നിയമസഹായത്തിനുള്ള അഭിഭാഷക പാനലില്‍നിന്നുള്ള കെ ഹൈദറിനെയാണ് ജോളിയുടെ അഭിഭാഷകനായി സിലി കേസില്‍ കോടതി ചുമതലപ്പെടുത്തിയത്. ജോളി ആവശ്യപ്പെട്ടതനുസരിച്ച്‌ അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ കേസുകളില്‍ക്കൂടി ഹൈദര്‍ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു.

അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ വക്കാലത്ത് സ്വയം ഒഴിവാകുകയാണെന്നു കാണിച്ച്‌ ജോളിയുടെ അഭിഭാഷകന്‍ ഹൈദര്‍ ചൊവ്വാഴ്ച താമരശ്ശേരി കോടതിയില്‍ അപേക്ഷനല്‍കും. അതിനിടെ അഡ്വ. ആളൂരിനെതിരെ ജോളിയുടെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. ജോളിയ്ക്കുവേണ്ടി ഹാജരാവാന്‍ ബി എ ആളൂരിനെ കുടുംബത്തില്‍ ഒരാള്‍പോലും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നോബിയുടെ ആരോപണം.

സഹോദരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് സംഘടിപ്പിച്ചതെന്നും നോബി ആരോപിച്ചു. കുടുംബത്തിലാരും ആളൂരിനെ അങ്ങോട്ട് വിളിച്ചിട്ടില്ല. ഇങ്ങോട്ട് വിളിച്ചപ്പോള്‍ രണ്ടുതവണ താക്കീത് നല്‍കിയിട്ടുണ്ട്. വേറെ ആര്‍ക്കുകൊടുത്താലും നിങ്ങള്‍ക്ക് വക്കാലത്ത് തരാന്‍ താത്പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഞാന്‍ പറഞ്ഞെന്ന് പറഞ്ഞാണ് അവര്‍ രേഖകളില്‍ ഒപ്പിടുവിച്ചതെന്ന് ജോളി പറഞ്ഞതായും നോബി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K