08 December, 2019 09:12:53 PM


ആലുവയില്‍ ബാലികയെ രണ്ടു വര്‍ഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 50 കാരന്‍ അറസ്റ്റില്‍



ആലുവ: ആലുവയില്‍ രണ്ടു വര്‍ഷമായി 12 വയസുകാരി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 50കാരന്‍ അറസ്റ്റില്‍. ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദാണ് പിടിയിലായത്. മൂന്ന് ദിവസം മുന്‍പാണ് സംഭവത്തില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. ഇന്നാണ് ഇയാളെ പിടികൂടാനായത്.


2018 ഫെബ്രുവരിയിലായിരുന്നു ആദ്യ പീഡനം. സഹകരണ സംഘത്തിലെ കാര്‍ഡ് ഏല്‍പ്പിക്കാന്‍ അലിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നു. 


കഴിഞ്ഞ വ്യാഴാഴ്ചയാണ് അലിയുടെ ഉപദ്രവം സഹിക്കാനാവാതെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രതി ഒളിവില്‍പ്പോയി. ആലുവ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അലിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K