07 December, 2019 09:14:40 PM


അഭിനയിച്ചാൽ തരും, നിർമ്മിച്ചാൽ തരില്ല; അഡൾട്ട് മൂവി സർട്ടിഫിക്കറ്റ് നിരസിച്ച സെന്‍സര്‍ ബോര്‍ഡിനെതിരെ നടി ഷക്കീല

നിരവധി പേരില്‍ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ നിര്‍മിച്ചതെന്നും ഷക്കീല



കൊച്ചി: സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്ന് വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടി ഷക്കീല രംഗത്ത്. ഷക്കീല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ് കാരണം.  സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞുവെന്ന് നടി വ്യക്തമാക്കി.


'ലേഡീസ് നോട്ട് അലൗഡ്' എന്ന തെലുങ്ക് ചിത്രമാണ് ഷക്കീല നിര്‍മ്മിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടതായി ഷക്കീല പറയുന്നു. അഡല്‍ട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും അത്തരം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് താന്‍ നിര്‍മിച്ച ചിത്രത്തിന് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ഷക്കീല ചോദിക്കുന്നു. രണ്ട് തവണ തങ്ങളുടെ ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഷക്കീല ആരോപിച്ചു.


ഷൂട്ടിങ് ആരംഭിക്കും മുന്‍പേ ഇതൊരു അഡല്‍ട്ട് മൂവിയായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കിയില്ല. നിരവധി പേരില്‍ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ ഞാന്‍ നിര്‍മിച്ചത്. അഡല്‍ട്ട് സ്വഭാവമുള്ള സിനിമകളിലെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്നെല്ലാം അത്തരം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുമുണ്ട്. ഞാന്‍ നിര്‍മാതാവ് ആയതുകൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്' ഷക്കീല ആരോപിച്ചു.





Share this News Now:
  • Google+
Like(s): 5.5K