05 December, 2019 03:02:12 PM


ബംഗാളില്‍ നാടകീയ നീക്കങ്ങള്‍: സ്പീക്കര്‍ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ നിയമസഭാ ഗെയ്റ്റിന് മുന്നില്‍




കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള തര്‍ക്കം പുതിയ ദിശയിലേക്ക് നീങ്ങുന്നു. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ഇന്ന് നിയമസഭ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ധന്‍കര്‍ രംഗത്തെത്തി. ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്റ്റിന് മുമ്പിലായി അദ്ദേഹം നിലയുറപ്പിച്ചു. ഏറെ നിന്നിട്ടും ആരും ഗെയ്റ്റ് തുറന്നില്ല. തുടര്‍ന്ന് സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും മറ്റും പോകുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെ അകത്ത് കടക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്ചിയിച്ചുറപ്പിച്ചുമാണ് താന്‍ സന്ദര്‍ശനത്തിനെത്തിയത്. പിന്നെ എന്ത് കൊണ്ടാണ് ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സഭചേരുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചെന്ന് കരുതി അസംബ്ലിയുടെ ഗെയ്റ്റുകള്‍ അടച്ചിടണമെന്നില്ല. ലജ്ജാകരമായ നടപടിയാണിത്. ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ തന്നെ ഇന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. അവസാന നിമിഷം അത് റദ്ദാക്കി. ഇത് അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ചരിത്രപരമായ കെട്ടിടവും അതിനകത്തുള്ള ലൈബ്രറിയും കാണുക എന്ന ലക്ഷ്യം മാത്രമാണ് തന്‍റെ സന്ദര്‍ശനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രാധന ബില്ലുകളില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ധന്‍കര്‍ ഗവര്‍ണാറായി ചുമതലയേറ്റെടുത്ത ശേഷം ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും അദ്ദേഹത്തെ ഇതുവരെ കാണാനെത്തിയിരുന്നില്ല. ബുധനാഴ്ച കൊല്‍ക്കത്ത യൂണിവേഴ്‌സ്റ്റി സന്ദര്‍ശിക്കാനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ വൈസ്.ചാന്‍സിലര്‍ സോണാലി ചക്രവര്‍ത്തിയുടെ അഭാവവും ശ്രദ്ധേയമായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K