02 December, 2019 08:09:34 PM


വീടിനു തീ പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവമറിയാതെ ഭര്‍ത്താവ് വീട്ടുവരാന്തയില്‍



കോന്നി :  വീടിന് തീപിടിച്ചു വയോധികയ്ക്ക് ദാരുണാന്ത്യം. അതിരുങ്കല്‍ നിരവേല്‍ ചെറുപുഷ്പ വിലാസം ശ്രീധരന്‍ പിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മയാണ് (76) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം 3.30ന് ആണ് സംഭവം. സംഭവമറിയാതെ വീട്ടുവരാന്തയിലിരുന്ന, പ്രായാധിക്യം മൂലം കാഴ്ചയും കേള്‍വിയും കുറഞ്ഞ ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.  
 
തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴും വിവരമൊന്നുമറിയാതെ വീടിന്‍റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്‍ഗവിയമ്മ കിടന്ന മുറി പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും അഗ്നിശമനസേനയും എത്തുന്നതിനുമുമ്പുതന്നെ നാട്ടുകാര്‍ തീയണച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളാണുള്ളത്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K