02 December, 2019 07:55:02 PM


പേരൂര്‍ക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐ കീഴടങ്ങി



തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐ കീഴടങ്ങി. ബോംബ് സ്ക്വാഡ് എസ്.ഐ. സജീവ് കുമാറാണ് വഞ്ചിയൂരിലെ പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്. പതിനാല് ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു. ബോംബ് സ്ക്വാഡിലെ എസ്.ഐയായ സജീവ് കുമാര്‍ സഹപ്രവര്‍ത്തകന്‍റെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.


പൊലീസ് ക്വാര്‍ട്ടേഴ്സിലെ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നു സജീവന്‍. അസോസിയേഷന്‍ വാര്‍ഷികത്തിന് പ്രസംഗം പഠിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ബലപ്രയോഗത്തിന് മുതിര്‍ന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പെണ്‍കുട്ടി അധ്യാപകരോടും പിന്നീട് മാതാവിനോടും പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 


പേരൂര്‍ക്കട പൊലീസിലാണ് പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ സജീവന്‍ ഒളിവില്‍ പോയിരുന്നു. നാല് ദിവസമായിട്ടും പിടികൂടാതെ വന്നതോടെ സജീവനെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപവും ഉയര്‍ന്നു. ഇതിനിടെയിലാണ് ഇന്ന് ഉച്ചയോടെ വഞ്ചിയൂരിലെ പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്. സജീവനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K