01 December, 2019 06:17:06 PM


കലാകിരീടം വീണ്ടും പാലക്കാട്ടേക്ക്; ഫോട്ടോ ഫിനിഷിൽ കോഴിക്കോടും കണ്ണൂരും പിന്നിലേക്ക്




കാസർകോട്: അറുപതാം സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം. 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. കോഴിക്കോട്, കണ്ണൂ‍ർ, ജില്ലകൾ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്‍റിന്‍റെ മുൻതൂക്കത്തിൽ കിരീടം പാലക്കാട് നിലനിർത്തുകയാണ്. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു . സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശ്ശൂരും ജേതാക്കൾ . സ്കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്കൂളാണ് ഒന്നാമത്. ആലപ്പുഴയിൽ കൈവിട്ട കപ്പ് ഇത്തവണ തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോഴിക്കോട്. അവസാന ദിവസം വരെ ചെറിയ ലീഡോട് കൂടിയാണെങ്കിലും കോഴിക്കോട് തന്നെയായിരുന്നു പോയിന്‍റ് നിലയിൽ ഒന്നാമത്. എന്നാൽ അവസാന ദിവസം പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.


ശാസ്ത്രമേളിയിൽ കോഴിക്കോടും പാലക്കാടും പോയിന്‍റ് കണക്കിൽ തുല്യരായിരുന്നെങ്കിലും ഒരു ഒന്നാം സ്ഥാനം കൂടുതലുണ്ടായിരുന്നതിനാൽ കിരീടം കോഴിക്കോടിനായിരുന്നു. അങ്ങനെ നോക്കുമ്പോൾ പാലക്കാടിന്‍റേത് മധുരപ്രതികാരം കൂടിയാണ്. കായികമേളയിലും ഇത്തവണ പാലക്കാടിനായിരുന്നു ചാമ്പ്യൻഷിപ്പ്. 


കലയുടെ രാപ്പകലുകൾക്ക് വിടപറയുകയാണ് കാഞ്ഞങ്ങാട്. കാണികളുടെ നിറസാന്നിധ്യമായിരുന്നു നാലു ദിവസത്തേയും പ്രധാനപ്രത്യേകത. അവസാന ദിവസവും നിറഞ്ഞ സദസ്സിന്‍റെ മുന്നിലാണ് പ്രധാനവേദിയിൽ മത്സരങ്ങൾ അരങ്ങേറിയത്. അവസാനദിനത്തിൽ 11 വേദികളിൽ മാത്രമാണ് മത്സരം നടന്നത്. നാടോടിനൃത്തം, മാർഗ്ഗംകളി, സ്കിറ്റ്, ദേശഭക്തിഗാനം എന്നിവയാണ് ഇന്ന് അരങ്ങിനെ സമ്പന്നമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K