27 November, 2019 07:36:47 PM
കാറ്റും മഴയും: ശബരിമല മരക്കൂട്ടത്ത് മരം വീണ് 13 അയ്യപ്പന്മാര്‍ക്ക് പരിക്ക്
ശബരിമല: മരക്കൂട്ടത്ത് മരം ഒടിഞ്ഞു വീണ് 13 അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു. 5 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാര്‍ പുലികൂട്ടുങ്കല്‍ വീട്ടില്‍ അനീഷ് കുമാര്‍(35), ശാന്തമ്മ(65), അഭിരാമി(മൂന്നര), തിരൂര്‍ സ്വദേശി പ്രേമന്‍(36), തെലങ്കാന നല്‍ഗുണ്ട സ്വദേശി ശ്രീനിവാസ്(50), ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശികളായ കെ. എം സതീഷ്(34), രാമേശ്വര ലിംഗ റാവു(47), രാമു(30), ഗുരുപ്രസാദ്(35), തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശികളായ കുമാര്‍(49), രുദ്രമൂര്‍ത്തി(5), വടിവേല്‍(49), രഘുപതി(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയില്‍ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം ഒടിഞ്ഞു വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, കേന്ദ്ര ദ്രുത കര്‍മ സേന, പോലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടന്നതോടെ ടെലഫോണ്‍,വൈദ്യുതി,ജല വിതരണ സംവിധാനങ്ങള്‍ തകരുകയുണ്ടായി.