25 November, 2019 02:59:49 PM


വാട്‌സ്ആപ്പില്‍ ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വില്‍പ്പന; ഗ്രൂപ്പിലെ അംഗങ്ങളെ കണ്ട് ഞെട്ടി എക്‌സൈസ് സംഘം



കൊച്ചി: വാട്‌സ് ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളെ തൃപ്പൂണിത്തുറ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പൂഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷാണ് രണ്ടര കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് നിന്ന് പിടിയിലായത്. 


കഞ്ചാവ് വില്‍പ്പനയ്ക്കായി ഇയാള്‍ തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പില്‍ നൂറ് കണക്കിനാളുകളാണ് ഉള്ളത്. ഗ്രൂപ്പ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ നീണ്ട ലിസ്റ്റാണ് ഈ ഗ്രൂപ്പില്‍ നിന്നും ലഭിച്ചത്. ഒപ്പം കഞ്ചാവിന്‍റെ ഉപഭോക്താക്കളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും. 



തമിഴ്‌നാട്ടില്‍ നിന്നും ട്രെയിനിലൂടെ കഞ്ചാവ് എത്തിക്കുകയാണ് പതിവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയായിരുന്നു രീതി. ഗ്രൂപ്പില്‍നിന്നും ലഭിച്ച നമ്പരുകള്‍ ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K