25 November, 2019 10:34:14 AM


ശരദ്പവാര്‍ തിരിച്ചുപിടിച്ചു: 52 എംഎല്‍എ മാരും എന്‍സിപിയില്‍ തിരിച്ചെത്തി; ബിജെപി ആശങ്കയില്‍



മുംബൈ: രാഷ്ട്രീയ നാടകം തുടരുന്ന മഹാരാഷ്ട്രയില്‍ ബിജെപിയുമായി അപ്രതീക്ഷിത സൗഹൃദം പ്രഖ്യാപിച്ച അജിത് പവാര്‍ ഒറ്റപ്പെടുന്നു. രണ്ടു വിമത എംഎല്‍എ മാര്‍ കൂടി എന്‍സിപിയില്‍ തിരിച്ചെത്തിയതോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപിയും ആശങ്കയിലായി. ഇതോടെ എന്‍സിപിയിലെ എംഎല്‍എമാരുടെ എണ്ണം 52 ആയി. ശനിയാഴ്ചയായിരുന്നു എന്‍സിപിയുടെ പിന്തുണ അവകാശപ്പെട്ട് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. 54 എംഎല്‍എ മാരാണ് എന്‍സിപിയ്ക്കുള്ളത്.


ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന അനില്‍ പാട്ടീല്‍, ദൗലത്ത് ദറോഡ എന്നിവരാണ് എന്‍സിപിയില്‍ പുതിയതായി തിരിച്ചെത്തിയ എംഎല്‍എമാര്‍. 52 എംഎല്‍എമാരും തിരിച്ചെത്തിയതോടെ അജിത് പവാറിനൊപ്പം ഒരാള്‍ മാത്രമായി. അജിത്തിനൊപ്പമുള്ള ദിന്ദോരി എം.എല്‍.എ. നരഹരി സിര്‍വാള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും ഇദ്ദേഹവുമായി എന്‍സിപി നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് സൂചനകള്‍.


ഇനി ബാക്കിയുള്ളത് ബാബാ സാഹെബ് പാട്ടീല്‍ മാത്രമാണ്. 54 എം.എല്‍.എമാരുള്ളതില്‍ 46 പേര്‍ തങ്ങള്‍ക്കൊപ്പം റിനെയ്‌സണ്‍സ് ഹോട്ടലിലുണ്ടെന്നും മറ്റു മൂന്നു പേര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എന്‍സിപി നേതൃത്വം ഇന്നലെ പറഞ്ഞിരുന്നു. കാണാതായ അഞ്ച് എം.എല്‍.എമാരില്‍ മൂന്നു പേരുമായി ബന്ധപ്പെട്ടെന്നും അവര്‍ കൂറുമാറില്ലെന്നും എന്‍.സി.പി. നേതൃത്വം പറയുന്നത്. ഇതിന് പിന്നാലെയാണ് ശരദ് പവാറിനൊപ്പമാണെന്നു വ്യക്തമാക്കി കല്‍വാന്‍ എം.എല്‍.എ. നിതിന്‍ പവാറിന്റെ ട്വീറ്റ് വന്നത്. താന്‍ ശരദ് പവാറിനൊപ്പമാണെന്ന് അജിത്തിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ടെയും വ്യക്തമാക്കി. തെറ്റിദ്ധരിപ്പിച്ചാണ് അജിത് കൂട്ടിക്കൊണ്ടു പോയതെന്നാണു പലരുടെയും വിശദീകരണം.


ശനിയാഴ്ച രാവിലെയായിരുന്നു 50 എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവീസും അജിത് പവാറും ഗവര്‍ണറെ സമീപിച്ചത്. പിന്നാലെ ഫഡ്‌നാവീസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. മഹാരാഷ്ട്രയിലെ വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തുമാണ് കോടതിക്ക് മുന്‍പില്‍ വരുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K