19 November, 2019 08:17:01 AM


വെളളനാടി തോട്ടത്തില്‍ നിന്ന് അഭിജിത്തിന്‍റെ കാല്‍പന്ത് പറന്ന് ഉയരുന്നത് പോര്‍ച്ചുഗല്ലിലേക്ക്; യാത്രക്ക് തടസമായി പണം

- നൗഷാദ് വെംബ്ലി




മുണ്ടക്കയം: മുണ്ടക്കയത്തിനടുത്ത് വെളളനാടി റബ്ബര്‍ തോട്ടത്തിലെ  ചെറിയ കളിക്കളത്തില്‍ തട്ടി കളിച്ച പന്തുമായി അഭിജിത്ത് എന്ന 20കാരന്‍ പറക്കാനൊരുങ്ങുന്നത് പോര്‍ച്ചുഗല്ലിലേക്ക്. എന്നാല്‍ യാത്രക്കും ചിലവിനും പണം മുടക്കാനില്ലാതെ ബുദ്ധിമുട്ടുകയാണി യുവകായികതാരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ മകന് സൌകര്യങ്ങള്‍ ഒരുക്കാനാവാതെ കണ്ണീരൊഴുക്കുകയാണ് മലയോര മേഖലയിലെ ഈ ദളിത് കുടുംബം. 


മുണ്ടക്കയം, വെളളനാടി റബ്ബര്‍ താട്ടത്തിലെ ടാപ്പിംഗ് കാരനായ  പേഴുനില്‍ക്കുന്നതില്‍ രാമചന്ദ്രന്റേയും രത്‌നമ്മയുടെയും മകനായ അഭിജിത്തിനാണ്  യൂറോപ്യന്‍ യി.ഇ.എഫ്.എ യുടെ ഡിവിഷന്‍ ക്ലബ് ഫുട്‌ബോള്‍ മല്‍സരത്തില്‍ അവസരം ലഭിച്ചിട്ടും പോകാന്‍ പണില്ലാതെ വിഷമിക്കുന്നത്. മുണ്ടക്കയം സി.എം.എസ്.ഹൈസ്‌കൂളിലെ പഠനകാലം മുതല്‍ ഫുട്‌ബോള്‍കമ്പക്കാരനായിരുന്ന അഭിജിത്തിനു മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വലിയ താത്പര്യമാണ്. കടല്‍ കടന്നുളള കളിക്കളത്തിലേക്കു ചെല്ലാനും ഇപ്പോള്‍ സാഹചര്യമൊരുങ്ങി.


യൂനിയന്‍ ഓഫ്  യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഡിവിഷന്‍ ക്ലബ്ബ് മല്‍സരമാണ് 2020 ഏപ്രിലില്‍  പോര്‍ച്ചുഗല്ലില്‍ നടക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപെട്ടത് അഭിജിത്ത് അടക്കം രണ്ട് മലയാളികളും. മറ്റൊരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ നാലു ലക്ഷത്തോളം രൂപ വേണം. തോട്ടം തൊഴിലാളിയായ രാമചന്ദ്രന്‍ പക്ഷെ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നിലവില്‍ തായ്‌ലന്റില്‍ നടന്ന  മല്‍സരത്തില്‍ പങ്കെടുപ്പിച്ചതിന്‍റെ കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് മകനെ തേടി പുതിയ അവസരം എത്തിയത്. കാലങ്ങളായി മകന്‍റെ ആഗ്രഹങ്ങള്‍  സാധിച്ചുകൊടുക്കാനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം.


നവംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ തായ്‌ലാന്റില്‍ നടന്ന  ഇന്‍ഡോ -തായ്‌ലന്‍റ് ചാമ്പ്യന്‍ഷിപ്പിലാണ് അഭിജിത്തിനെ തേടി യൂറോപ്യന്‍ ക്ലബ്ബ് അവസരമെത്തിയത്. ഊട്ടിയില്‍ നടന്ന  മല്‍സരത്തില്‍ 18 പേരില്‍ അഭിജിത്ത് അടക്കം 7 പേര്‍ക്കാണ് തായ്‌ലന്‍റ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.  ഇതില്‍ നിന്നാണ്  പോര്‍ച്ചുഗല്‍ ഡിസ്‌ബ്രോ ക്ലബ്ബ് മല്‍സരത്തില്‍ അവസരം ലഭിച്ചത്. പോര്‍ച്ചുഗല്ലിലേക്ക് പറക്കാനുളള അവസരം സന്തോഷത്തോടെയാണ് മലയോരഗ്രാമം ഏറ്റെടുത്തത്. എന്നാല്‍ യാത്രാ ചിലവും മറ്റും എവിടെനിന്നും ലഭിക്കും എന്നത് ഉത്തരമില്ലാതെ ചോദ്യമായി അവശേഷിക്കുകയാണ്.


കൂലിവേല ചെയ്യുന്ന രാമചന്ദ്രനു ഈ തുക സ്വപ്‌നത്തില്‍പോലും കാണാന്‍ പറ്റാത്ത അവസ്ഥയാണ്. ജീവിതത്തില്‍ ചുരുക്കം ചിലര്‍ക്ക് ലഭിച്ച ഈ ഭാഗ്യം അരികിലെത്തിയിട്ടും സാധിക്കാനാവുമോ എന്ന വിഷമത്തിലാണ് അഭിജിത്ത്. പ്ലസ്ടു വരെ പഠിച്ച അഭിജിത്തിനു സാമ്പത്തിക പ്രശ്നം മൂലം തുടര്‍ പഠനവും ഉപേക്ഷിക്കേണ്ടി വന്നു. എന്നിട്ടും ദുരിതകയത്തിനിടയില്‍ ലഭിച്ച ഈ പറക്കല്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഈകായിക താരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K