13 November, 2019 08:01:24 AM


രാജ്യം ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പ്രധാന കേസുകളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും



ദില്ലി : രാജ്യം ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പ്രധാന മൂന്ന് കേസുകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇതുകൂടാതെ അയോഗ്യരാക്കിയതിനെതിരെ കര്‍ണാടകത്തിലെ 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലും ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും ഇന്ന് സുപ്രീംകോടതി വിധി പറയും.


ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ദില്ലി ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് തന്നെയാണ് വിധി പറയുന്നത്. എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങള്‍ ഓരോ വര്‍ഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്.


ട്രൈബ്യൂണലുകളെ ദേശീതലത്തിലുള്ള ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനെതിരെയുള്ള ഹര്‍ജികളിലെ വിധിയാണ് മറ്റൊന്ന്. ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനം, ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീംകോടതിയെ മാത്രമെ സമീപിക്കാവൂ എന്ന വ്യവസ്ഥയിലെ മാറ്റമടക്കം നിരവധി വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയും.


കര്‍ണാടകത്തില്‍ കൂറുമായിയ 15 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മറ്റൊരു വിധി. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ കോടതിയാണ് കര്‍ണാട കേസിലെ വിധി പറയുക. ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ വിധി നാളെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിലെ അന്തിമതീരുമാനം ഇന്ന് വൈകീട്ടുണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K