09 November, 2019 03:39:05 PM


അയോധ്യാ വിധി: കോട്ടയം ജില്ലയില്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും നിരോധിച്ചു



കോട്ടയം: രാമജന്മ ഭൂമി - ബാബ്റി മസ്ജിദ് കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ പോലീസ് ആക്ട്  78, 79 വകുപ്പുകള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ ദിവസത്തേക്ക് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി പി.എസ്.സാബു അറിയിച്ചു.  


സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും, രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കാവുന്ന പ്രവര്‍ത്തനങ്ങളും, പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം, മൗലികാവകാശം  എന്നിവ ഹനിക്കുന്ന രീതിയിലും മറ്റുമുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങളും മറ്റും തീവ്രനിലപാടുകളുള്ള ആള്‍ക്കാര്‍ സംഘടിപ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.


നിയന്ത്രണത്തിന്‍റെ ഭാഗമായി  യാതൊരു വിധ നശീകരണ വസ്തുക്കളോ, സ്ഫോടകവസ്തുക്കളോ, വെടിമരുന്നുകളോ, കല്ലുകളോ, ആക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏതെങ്കിലും ആയുധങ്ങളോ, അത്തരം വസ്തുക്കളോ തയ്യാറാക്കുന്നതും ശേഖരിക്കുന്നതും കൊണ്ടു പോകുന്നതും ജില്ലയില്‍ നിരോധിച്ചു.


സാമുദായികമോ, മതപരമോ ആയ വികാരം ആളിക്കത്തിക്കുന്നതോ, സദാചാരത്തിന്‍റെ പൊതു നിലവാരത്തെ  ധ്വംസിക്കുന്നതോ, പൊതു സമാധാനത്തെ ബാധിക്കുന്നതോ, രാഷ്ട്രത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നതായ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അച്ചടിച്ച കടലാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ, വിഡിയോ റിക്കോര്‍ഡിങുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തയ്യാറാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും പ്രതിനിധീകരിക്കുന്നതും വിതരണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചു.


അര്‍ഹതപ്പെട്ട അധികാരിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഈ കാലയളവില്‍ പ്രകടനങ്ങളോ, പൊതു സമ്മേളനങ്ങളോ, റാലിയോ നടത്തുവാന്‍ പാടുള്ളതല്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് പോലീസ് മേധാവിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K