08 November, 2019 02:42:24 PM


പിഞ്ചുകുഞ്ഞിന്‍റെ മൃതശരീരത്തോട് നഗരസഭ അനാദരവ് കാട്ടിയെന്ന്; സംസ്കരിക്കാൻ കുഴിയെടുത്ത് പൊലീസ്ഏറ്റുമാനൂര്‍: സംസ്കരിക്കാൻ ഇടം നൽകാതെ നവജാത ശിശുവിന്‍റെ മൃതദേഹത്തോട് നഗരസഭ അനാദരവ് കാട്ടിയെന്ന  ആരോപണവുമായി പോലീസ്. നഗരസഭ സംസ്കാരത്തിന് സൌകര്യങ്ങള്‍ കൃത്യസമയത്ത് ഒരുക്കിയില്ലെന്ന പരാതിയുമായി പോലീസ് തന്നെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ഏറ്റുമാനൂര്‍ നഗരസഭയില്‍. കോട്ടയം അതിരമ്പുഴ വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ ഗർഭാവസ്ഥയില്‍ മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയാണ് നഗരസഭയും പോലീസും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടായത്. അവസാനം 36 മണിക്കൂർ വൈകിയാണു മൃതദേഹം സംസ്കരിക്കാനായത്.


ബന്ധുക്കളോടും പോലീസിനോടും പൊതുശ്മശാനത്തില്‍ സംസ്കരിക്കാന്‍ ഇടമില്ലെന്ന നിലപാട് നഗരസഭ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം.  മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍  എസ്ഐ  പ്രതിഷേധിക്കാന്‍ ഒരുങ്ങിയതോടെയാണ് സംഭവം വിവാദമായത്. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ തങ്ങളെ കരുവാക്കി പോലീസ് വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടും പറയുന്നു.ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് പ്രസവേദനയെ തുടർന്ന് യുവതിയെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ ഗർഭാവസ്ഥയില്‍ തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി പോലീസ് രംഗത്തെത്തി. വ്യാഴാഴ്ച നാലരയോടെ അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ കത്തുമായാണ് ആദ്യം പോലീസ് നഗരസഭയെ സമീപിച്ചത്. എന്നാല്‍ എഫ്ഐആറിന്‍റെ പകര്‍പ്പും മറ്റും സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരികെ പോയ പോലീസ് ഓഫീസ് അടയ്ക്കുന്നതുവരെ എത്തിയിരുന്നില്ലെന്ന് ചെയര്‍മാന്‍ പറയുന്നു. 


യുവതി താമസിക്കുന്നതും പ്രസവിച്ചതും ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മാണമാരംഭിച്ച നഗരസഭയുടെ ആധുനികശ്മശാനത്തിന്‍റെ പണികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല. പിന്നെ തെള്ളകത്തുള്ള ശ്മശാനം പാര്‍പ്പിടമേഖലയില്‍ ആയതിനാല്‍ നഗരസഭാ അതിര്‍ത്തിയില്‍ നിന്നുള്ള മൃതദേഹങ്ങള്‍ മാത്രമേ സംസ്കരിക്കാന്‍ അനുവദിക്കുന്നുള്ളു. ഈ സാഹചര്യം നിലനില്‍ക്കെയാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കയ്യൊഴിഞ്ഞ മൃതദേഹവുമായി പോലീസ് ഏറ്റുമാനൂരില്‍ എത്തിയത്. വ്യാഴാഴ്ച എത്തിയപ്പോള്‍ തന്നെ സൌകര്യം നല്‍കാമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ മൃതദേഹം ആശുപത്രിയില്‍നിന്ന് നഗരസഭയുടെ ഉത്തരവാദിത്വത്തില്‍ കൊണ്ടുവന്ന് മറവ് ചെയ്യണം എന്ന പോലീസിന്‍റെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ചെയര്‍മാന്‍ പറയുന്നു.


നഗരസഭ സ്ഥലം നൽകാന്‍ തയ്യാറായി എങ്കിലും കുഴിയെടുക്കാൻ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ലെന്നാണ് പോലീസിന്‍റെ പരാതി. എസ്ഐയുടെ നേതൃത്വത്തിൽ പോലീസുകാര്‍ തന്നെയാണ് തെള്ളകത്തെ ശ്മശാനത്തില്‍ കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചത്.  സെക്രട്ടറിയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണത്തിന് വിധേയമാക്കുമെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ ദാസ് പറയുന്നു.


എന്നാല്‍ കുട്ടിയുടെ പിതാവ് ആരെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സംസ്കാരത്തിന് സൌകര്യം ലഭിക്കും വരെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്നുമിരിക്കെ പോലീസിന്‍റെ ധൃതിപിടിച്ചുള്ള നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നു എന്നാണ് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറയുന്നത്. സത്യത്തില്‍ അനാദരവ് കാട്ടിയത് നഗരസഭയല്ലെന്നും സൌകര്യം ലഭിക്കുംമുമ്പേ  മൃതദേഹവുമായി നാടുനീളെ നടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിച്ച പോലീസാണെന്നും ചെയര്‍മാന്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷമം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നഗരസഭ കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Share this News Now:
  • Google+
Like(s): 510