07 November, 2019 07:21:46 PM


കാരുണ്യത്തിന്‍റെ വഴിയില്‍ വേറിട്ട പ്രവര്‍ത്തനവുമായി വീണ്ടും മാന്നാനം കെ.ഈ സ്‌കൂള്‍



കോട്ടയം: നിര്‍ദ്ദനരായ രോഗികള്‍ക്കും സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കും കാരുണ്യത്തിന്‍റെ വഴി തുറന്ന് മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒര് ഏട് കൂടി എഴുതിചേര്‍ക്കപ്പെട്ടു. നിര്‍ദ്ദനരായ രോഗികള്‍ക്ക് ഉപകരിക്കുന്നതിന് ഒരു ആംബുലന്‍സ് ആണ് സ്‌കൂള്‍ സംഭാവന ചെയ്തത്. അതും കുട്ടികളെ സാക്ഷിയാക്കി. ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങാതെ കുട്ടികളെ കരുണയുടെ പാഠങ്ങള്‍ കൂടി പഠിപ്പിച്ച് ഉത്തമപൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ അങ്കണം വേദിയാക്കി മാറ്റുന്നത്.


അമലഗിരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ആംബുലന്‍സ് കൈമാറിയത്. തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യാല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ ആംബുലന്‍സിന്‍റെ താക്കോല്‍ പുനര്‍ജനി പ്രസിഡന്‍റ് എം.ജെ.മാണിയ്ക്ക് കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തീര്‍ത്തും നിര്‍ദ്ദനരായ രോഗികള്‍ക്ക് ആംബുലന്‍സ് സേവനം സൗജന്യമായിരിക്കും. മറ്റ് സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിരക്കില്‍ മാത്രമായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് പുനര്‍ജനി സെക്രട്ടറി പി.എന്‍.ശ്രീകുമാര്‍ പറഞ്ഞു. മാന്നാനം ആശ്രമാധിപന്‍  ഫാ,സ്‌കറിയാ എതിരേറ്റ്, പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, മെമ്പര്‍ സൗമ്യ വാസുദേവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശ്ശേരി, പിടിഎ പ്രസിഡന്‍റ് ജോമി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.



കെ.ഈ സ്കൂളിന്‍റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കണക്ക് വെയ്ക്കുക എന്നത് അസാധ്യമാണ്. ഈ അധ്യയനവര്‍ഷം ആരംഭത്തില്‍ കിണറുകളും കുളവും വറ്റി കുടിക്കാന്‍ തരി വെള്ളമില്ലാതെ നാട്ടുകാര്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് കൈതാങ്ങുമായി സ്‌കൂള്‍ രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി വളരെ നേരത്തെ തന്നെ ഇവിടെ കോട്ടയത്ത് മാന്നാനം കെ.ഈ സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ വില കൊടുത്ത് വാങ്ങിയ വെള്ളം നാട്ടുകാര്‍ക്ക് കൂടി പകുത്തു നല്‍കിയായിരുന്നു സ്‌കൂള്‍ മാതൃകയായത്. സ്‌കൂള്‍ വളപ്പിന് വെളിയില്‍ നിന്നും വെളളം എടുക്കത്തക്കവിധം പ്രത്യേകം ജലസംഭരണിയും ടാപ്പും ഫില്‍റ്ററും ഘടിപ്പിച്ചു. എല്ലാ വര്‍ഷവും പാവപ്പെട്ട കുടുംബത്തിന് വീട് പണിത് നല്‍കുന്ന പദ്ധതിയ്ക്കും ഫാ.ജയിംസ് മുല്ലശ്ശേരി നേതൃത്വം നല്‍കുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K