07 November, 2019 05:26:49 PM


വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തർക്കം: കത്തിക്കുത്തിൽ യുവാവിന് പരിക്ക്; പോലീസ് ലാത്തിവീശി




പെരിന്തൽമണ്ണ: കാറിനുമുന്നിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് കത്തിക്കുത്തിൽ പരിക്ക്. സംഘർഷം ഒഴിവാക്കാൻ പോലീസ് ലാത്തിവീശി. പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് ജൂബിലി ജങ്ഷന് സമീപം വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ജൂബിലി റോഡ് സ്വദേശി സാദിഖ് ബൈക്കുമായി പോകുമ്പോൾ കാറുകാരുമായി വാക്കേറ്റമുണ്ടാകുകയും ബൈക്ക് കാറിനുമുന്നിൽ നിർത്തുകയുംചെയ്തു. ഇതുസംബന്ധിച്ച് കാറിലുണ്ടായിരുന്നവരുമായി തർക്കം നടക്കുന്നതിനിടെ സാദിഖിന്റെ സുഹൃത്ത് ജൂബിലിറോഡ് കോട്ടപ്പറമ്പിൽ നിസാർ (36) ഇതുവഴി വരികയും പ്രശ്നത്തിൽ ഇടപെട്ട് സംസാരിക്കുകയുംചെയ്തു. ഇതിനിടെ കുന്നപ്പള്ളി സ്വദേശികളായ ഒരുസംഘമെത്തി.


ഇവരുമായി സംസാരിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ കത്തിവീശുകയായിരുന്നു. തടുക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് നിസാറിന്റെ കൈയ്ക്കാണ് കുത്തേറ്റത്. ഇരുവരെയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ മൊഴിനൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് രാത്രിയോടെ ജൂബിലി റോഡ് പ്രദേശത്തെ വലിയൊരുസംഘം കുന്നപ്പള്ളി അടിവാരത്തെത്തി. ഇതോടെ അടിവാരം പ്രദേശത്തുള്ളവരും എതിർഭാഗത്ത് സംഘടിച്ചു. സംഘർഷാവസ്ഥയായതോടെ എസ്.ഐ മഞ്ജിത്ത്‌ലാലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘമെത്തി. സംഘർഷാവസ്ഥ കൂടിയതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. പത്തുമണിയോടെയാണ്‌ സംഘർഷാവസ്ഥ ഒഴിവായത്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേ വധശ്രമത്തിനും അന്യായമായി സംഘംചേർന്നതിനും മറ്റുമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K