27 October, 2019 07:18:03 PM


സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കി കുമരകം വേമ്പനാട്ട് കായലിലും ആമ്പല്‍ വസന്തം



കുമരകം: കോട്ടയത്ത് കഴിഞ്ഞ കുറെ നാളുകളായി വസന്തം ചൊരിഞ്ഞ ആമ്പല്‍ പൂക്കള്‍ ഇപ്പോള്‍ കുമരകത്തും. ഏക്കറുകണക്കിന് വരുന്ന മലരിക്കല്‍ പാടശേഖരത്തില്‍ കൗതുകമൊരുക്കിയ ആമ്പല്‍ നെല്‍കൃഷിയ്ക്കായി നീക്കം ചെയ്തതോടെ ഇവ വേമ്പനാട്ട് കായലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതോടെ ആമ്പലിന്‍റെ സൗന്ദര്യം കുമരകത്തെത്തുന്ന സഞ്ചാരികള്‍ക്കും ഹരമായി മാറി.


വേമ്പനാട് കായലിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ആമ്പല്‍ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. വിവാഹത്തിനുശേഷം റൊമാന്‍റിക് സീനുകള്‍ ആമ്പല്‍പൂക്കളോടൊപ്പം കാമറയില്‍ പകര്‍ത്താനും തിരക്ക് തന്നെ. തോണിയില്‍ ആമ്പല്‍പൂക്കളുമായി കിടന്നും ഇരുന്നും വിവിധ പോസുകളില്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന യുവതിവുവാക്കളും ദമ്പതികളും ഇപ്പോള്‍ ഇവിടെ കാഴ്ചയാകുന്നു.



ചീപ്പുങ്കല്‍ കായല്‍ മുഖാരം മുതല്‍ പുത്തന്‍ കായല്‍ പ്രദേശം ഉള്‍പ്പെടെ ഇരുപതിലധികം ഏക്കര്‍ സ്ഥലത്താണിപ്പോള്‍ ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്നത്. കുമരകം - ചേര്‍ത്തല റൂട്ടില്‍ ചീപ്പുങ്കല്‍ പാലം ബസ് സ്റ്റോപ്പില്‍ നിന്നും പെണ്ണാറിന്‍റെ തീരത്തുകൂടി കരമാര്‍ഗ്ഗം 750 മീറ്റര്‍ യാത്ര ചെയ്താല്‍ കായല്‍ മുഖാരത്ത് എത്താം. നോക്കെത്താ ദൂരത്തോളം വിരിഞ്ഞു നില്‍ക്കുന്ന ആമ്പല്‍ പൂക്കള്‍ കാണാന്‍ വീടുവഞ്ചികളിലും ശിക്കാരി വള്ളങ്ങളിലും സഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.  


ആമ്പലിന് നാശം സംഭവിക്കണമെങ്കില്‍ കായലില്‍ ഉപ്പുവെള്ളം കയറണം. തണ്ണീര്‍മുക്കം ബണ്ട് തുറന്നാലേ ഇനി ഉപ്പുവെള്ളം കയറൂ. 2020 മാര്‍ച്ചിലേ ഇനി ബണ്ട് തുറക്കാന്‍ സാധ്യതയുള്ളു എന്നതിനാല്‍ ഇനി വരുന്ന അഞ്ച് മാസം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്ന കുമരകത്തെ ഈ ആമ്പല്‍വസന്തം സഞ്ചാരികള്‍ക്ക് പറുദീസയായി മാറും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K