20 October, 2019 06:22:43 PM


വ്യാപാരസമുശ്ചയം: ക്രമക്കേട് വ്യക്തമായിട്ടും പുന: പരിശോധനയ്ക്ക് തയ്യാറാവാതെ ഏറ്റുമാനൂര്‍ നഗരസഭ




ഏറ്റുമാനൂര്‍:  ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ വ്യാപാരസമുശ്ചയത്തിന്‍റെയും മള്‍ട്ടിപ്ലക്സ് തീയറ്ററുകളുടെയും നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേടുകള്‍ ചൂണ്ടികാട്ടി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കത്ത് നല്‍കി രണ്ടര മാസമായിട്ടും നടപടികള്‍ പുനപരിശോധിക്കാന്‍ തയ്യാറാകാതെ ഭരണസമിതി. അജണ്ടയില്‍ ഉള്‍പ്പെടുത്തി കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദ്ദേശത്തോടെയാണ് എഞ്ചിനീയര്‍ കത്ത് നല്‍കിയത്. ഇതിനു ശേഷം ഒട്ടേറെ കൌണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും ഇതുവരെ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ചെവികൊള്ളാതെ നഗരസഭാ ചെയര്‍മാനും. ഇന്ന് നടക്കുന്ന ജനറല്‍ കൌണ്‍സിലിന്‍റെ അജണ്ടയിലും വിഷയം ഉള്‍കൊള്ളിച്ചിട്ടില്ല.  


അജണ്ടയില്‍ ഉള്‍കൊള്ളിക്കാത്തത് മനപൂര്‍വ്വമാണെന്നാണ് കൌണ്‍സിലര്‍മാരുടെ പരാതി. ഇതിനിടെ നഗരസഭയിലെ അഴിമതികള്‍ സംബന്ധിച്ച് വകുപ്പുമന്ത്രിക്കും വിജിലന്‍സിനും ലഭിച്ച പരാതികളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.  വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്കോസിന് കൌണ്‍സില്‍ തീരുമാനപ്രകാരം സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കുവാനുള്ള ഫയല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പക്കല്‍ എത്തിയതോടെയാണ് ക്രമക്കേടുകളുടെയും വെട്ടിപ്പിന്‍റെയും ചുരുളഴിയുന്നത്. 


നിര്‍മ്മാണത്തിന് കരാര്‍ വെച്ചത് നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയ പുതിയ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ആദ്യം കത്ത് നല്‍കിയത് വാപ്കോസിനായിരുന്നു. ക്രമക്കേട് ചൂണ്ടികാട്ടിയും വിശദീകരണം ആവശ്യപ്പെട്ടും എഞ്ചിനീയര്‍ നല്‍കിയ കത്തിന് വാപ്കോസ് മറുപടി നല്‍കിയത് സെക്രട്ടറിയ്ക്ക്. കൌണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതാണ് ഇത്തരം ഒരു നോട്ടീസിന് കാരണമായതെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അതേസമയം, ഈ കത്തിന് വാപ്കോസ് ഇനിയും എഞ്ചിനീയര്‍ക്ക്  മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എഞ്ചിനീയറെ ഇന്നുവരെ അറിയിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്.


ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്സ് സിനിമാ തീയറ്ററും അടങ്ങുന്ന പദ്ധതിക്ക് കരാര്‍ വെച്ചതുമുതല്‍ ഇതുവരെ നടന്ന കാര്യങ്ങളെല്ലാം നിയമവിരുദ്ധമായിട്ടാണെന്നാണ് വെളിപ്പെടുത്തല്‍. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാര്‍ ഏറ്റെടുത്ത വാപ്കോസ് ഒരു സ്വാകാര്യ കമ്പനിയ്ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. 27 കോടി രൂപയാണ് 4500ഓളം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന് അടങ്കല്‍ തുക. എന്നാലിത് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയാണത്രേ. കേരളാ അര്‍ബന്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന 15 കോടി രൂപയും നഗരസഭയുടേയും വ്യാപാരികളുടേയും വിഹിതമായി 12 കോടി രൂപയുമാണ് ഇതിനായി ഉപയോഗിക്കാനുദ്ദേശിക്കുന്നത്.


സാമ്പത്തികബുദ്ധിമുട്ടില്‍നിന്ന് കര കയറാനാവാതെ കയ്യും കാലുമിട്ടടിക്കുന്ന നഗരസഭ തുടക്കത്തില്‍ എങ്ങിനെ കോടികള്‍ ചെലവഴിക്കും എന്നതാണ് കൌണ്‍സിലര്‍മാര്‍ തന്നെ ചോദിക്കുന്നത്. ഓരോ വാര്‍ഡിലെയും പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെച്ച തുകയുടെ ഒരു വിഹിതം വ്യാപാരസമുശ്ചയത്തിനായി വഴിവിട്ട് ചെലവഴിക്കാനുള്ള നീക്കം ഉണ്ടായപ്പോഴാണ് ഒരു വിഭാഗം അംഗങ്ങള്‍ എതിര്‍പ്പുമായെത്തിയത്. എഞ്ചിനീയര്‍ തടസം ഉന്നയിച്ചതിനാല്‍ വാപ്കോസിന് കൊടുക്കാമെന്നേറ്റ 44 ലക്ഷം ഇനിയും കൈമാറാനായിട്ടില്ല. താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ വിഭാവനം ചെയ്ത പദ്ധതി നേരാംവണ്ണം നടപ്പാക്കാത്തതില്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാനായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലിനും കടുത്ത അമര്‍ഷമുണ്ട്.


നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാതെ വീണ്ടും കോടികള്‍ പാഴാക്കാനുള്ള  ശ്രമമാണ് നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു. ഏതാണ്ട് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന ഭരണസമിതി  അധികാരം വിട്ടൊഴിയും മുമ്പ് ധൃതി പിടിച്ച് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനം നഗരസഭയ്ക്ക് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കും എന്ന് ചൂണ്ടികാട്ടി ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ സെക്രട്ടറി മഹേഷ് രാഘവന്‍ വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പുതിയ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയിട്ടും അത് വകവെയ്ക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സംശയം ജനിപ്പിക്കുന്നു എന്ന് കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ മോന്‍സി പേരുമാലില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിയ്ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K