20 October, 2019 03:55:24 PM


ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് തിരുവഞ്ചൂര്‍ സ്വദേശി യുവാവ് മരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂരില്‍ ലോറിയും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ കോമളശ്ശേരിയില്‍ ഷൈനുവിന്‍റെ മകന്‍ കെ.എസ്.അനന്തു (ഉണ്ണിമോന്‍ - 18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആലത്തുപറമ്പില്‍ അനന്തു സജിമോനെ ഗുരുതര പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഞായറാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപകടം. ഏറ്റുമാനൂരില്‍നിന്നും തിരുവഞ്ചൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ അമിതവേഗതയില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായു തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ വാഹനം വെട്ടിപൊളിച്ച് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്തുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മായയാണ് മാതാവ്. മണര്‍കാട് ഇന്‍ഫന്‍റ് ജീസസ് സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനി അഞ്ജന ഏക സഹോദരിയാണ്.




Share this News Now:
  • Google+
Like(s): 1177